തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാ പിഴവ് പരാതി. കൃത്യമായ ചികിത്സ ലഭിക്കാത്തതുമൂലം രോഗിയുടെ ജീവന് നഷ്ടമായെന്നാണ് പരാതി. പക്ഷാഘാതത്തിന് ചികിത്സയ്ക്ക് എത്തിയ സുകുമാര പിള്ള (87) ആണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കട്ടിലില്‍ നിന്ന് താഴെ വീണതിനെ തുടര്‍ന്നാണ് സുകുമാര പിള്ള മരിച്ചതെന്ന് കുടുംബം ആരോപിച്ചു. കൊല്ലം ചടയമംഗലം സ്വദേശിയാണ് സുകുമാരപിള്ള. കുടുംബത്തിന്റെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസ് എടുത്തിട്ടുണ്ട്.ഈ മാസം 26 നാണ് സുകുമാരപിള്ളയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.
തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ 29-ാം തീയതി കട്ടിലില്‍ നിന്നും താഴെ വീണു. തുടര്‍ന്ന് തലയ്ക്കും കണ്ണിനും സാരമായി പരിക്കേറ്റു. അതുവരെ സംസാരിച്ചിരുന്ന സുകുമാരപിള്ള പിന്നീട് സംസാരിക്കാതെയായെന്ന് കുടുംബം പറയുന്നു. അവശ നിലയിലായിട്ടും ഐസിയുവിലേക്ക് മാറ്റിയില്ല. കട്ടിലില്‍ നിന്ന് വീണ് തല മുറിഞ്ഞപ്പോള്‍ സ്റ്റിച്ചിട്ടത് അതേ ബെഡില്‍ വെച്ചാണെന്നും ആരോപണമുണ്ട്. ഹാന്‍ഡ് റെയിലുള്ള കട്ടില് നല്കിയിരുന്നെങ്കില് ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും മകള്‍ ശ്യാമള ദേവി പറഞ്ഞു.
അതേസമയം സുകുമാര പിള്ളയെ ചികിത്സിച്ചതില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പ്രതികരിച്ചു. ‘രോഗിയുടെ മരണത്തില്‍ വീഴ്ച ഉണ്ടായിട്ടില്ല. രോഗിക്ക് ഒപ്പം രണ്ട് ബന്ധുക്കള്‍ ഉണ്ടായിരുന്നു. ഇവര്‍ ഒപ്പമില്ലാത്ത സമയത്താണ് രോഗി വീണത്. ഹാന്‍ഡ് റെയില്‍ ഉള്ള കട്ടില് നല്‍കുന്നതിന് ചില മാനദണ്ഡങ്ങള്‍ ഉണ്ട്. അതുകൊണ്ടാണ് നല്‍കാതെ ഇരുന്നത്. വീണ ഉടന്‍ തന്നെ രോഗിക്ക് ചികിത്സ നല്‍കിയിരുന്നു. രോഗിയെ ഐസിയുവിലേക്ക് മാറ്റേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. ആശുപത്രിയില്‍ നിന്ന് ഒരു പിഴവും ഉണ്ടായിട്ടില്ല’, സൂപ്രണ്ട് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.



