റിയാദ്: റിയാദിലെ മൽഹാമിൽ നടക്കുന്ന അന്താരാഷ്ട്ര സാങ്കേതിക സമ്മേളനമായ ‘ലീപ് 2026’-ൽ ആധുനിക സാങ്കേതിക സംവിധാനങ്ങളുമായി സൗദി പൊതുസുരക്ഷാ വിഭാഗം. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 3 വരെ നടക്കുന്ന മേളയിലാണ് സുരക്ഷാ-ഫീൽഡ് പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്ന വിപ്ലവകരമായ സാങ്കേതികവിദ്യകൾ പബ്ലിക് സെക്യൂരിറ്റി അവതരിപ്പിക്കുന്നത്.
സ്മാർട്ട് ഡ്രോണുകൾ, വാഹനാപകടങ്ങളുടെയും ട്രാഫിക് നിയമലംഘനങ്ങളുടെയും വിവര ശേഖരണ സംവിധാനം, സ്ഫോടകവസ്തുക്കൾ കണ്ടെത്തി നിർവീര്യമാക്കാനുള്ള റോബോട്ട്, ബോഡി-വോൺ ക്യാമറകൾ, ഇലക്ട്രിക് സ്കൂട്ടറുകൾ തുടങ്ങിയവയാണ് പ്രദർശനത്തിൽ ശ്രദ്ധയാകർഷിക്കുന്നത്. സുരക്ഷാശേഷി വർധിപ്പിക്കാനും, ഫീൽഡ് തലത്തിൽ ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളോട് വേഗത്തിലും കാര്യക്ഷമമായും പ്രതികരിക്കാനും ആധുനിക സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്തുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ പങ്കാളിത്തം.



