കൊല്ലം: കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി സോഷ്യൽ മീഡിയയിൽ ഏറ്റവും വലിയ വിമർശനങ്ങളും ട്രോളുകളും നേടിയ ആളാണ് രേണു സുധി. എന്നാൽ ഇപ്പോൾ അവരെ ഓരോ മലയാളിയും ചേർത്ത് നിർത്തുന്ന കാഴ്ചയാണ് ദിനംപ്രതി കാണാൻ സാധിക്കുന്നത്. അർബുദ രോഗത്തോട് പോരാടുന്ന രേണു സുധിയ്ക്ക് ആശ്വാസ വാക്കുകളുമായി നിരവധി പേർ എത്തുന്നുണ്ട്. ഒരുകാലത്ത് അവരെ കുറ്റപ്പെടുത്തിയവർ ഉൾപ്പടെ ഈ കൂട്ടത്തിലുണ്ട് എന്നതാണ് വാസ്തവം. ഈ പോരാട്ടത്തിനിടയിലും സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന രേണുവിന്റെ പുതിയൊരു വീഡിയോ കണ്ട് മനസുലഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക്. ഇന്ദ്രൻസ് നായകനായി എത്തിയ ആശാൻ എന്ന ചിത്രത്തിലെ ‘കുഞ്ഞിക്കവിൾ മേഘമേ..’, എന്ന ഗാനത്തിനൊപ്പം തന്റെ വീഡിയോയാണ് രേണു പങ്കിട്ടിരിക്കുന്നത്. എന്നാൽ രേണുവിന്റെ ലുക്കാണ് ഏവരുടേയും കണ്ണ് നനയിച്ചിരിക്കുന്നത്. മുടി പറ്ററെ വെട്ടിയ രീതിയിലാണ് രേണുവിനെ കാണാൻ ആവുക. ഇത് എല്ലാവരുടെയും മനസുലച്ചിട്ടുണ്ടെന്നത് കമന്റ് ബോക്സിൽ നിന്നും വ്യക്തമാണ്. വേദനയ്ക്കിടയിലും ചിരിച്ച മുഖത്തോടെയുള്ള രേണുവിനെ പ്രശംസിച്ചും പ്രാർത്ഥനകൾ നേർന്നുമെല്ലാമാണ് കമന്റ് ബോക്സ് നിറയുന്നത്.



