സായ് അഭ്യങ്കറിന്റെ സംഗീത മികവ് നേരിൽ കണ്ട അനുഭവം പങ്കുവെച്ച് സംവിധായകൻ അറ്റ്ലീ. ‘രാക്ക’ സിനിമയുടെ സംഗീതവുമായി ബന്ധപ്പെട്ട് സായിയോടൊപ്പം ലണ്ടനിലെ പ്രശസ്തമായ ആബി റോഡ് സ്റ്റുഡിയോയിൽ എത്തിയപ്പോഴുണ്ടായ അനുഭവമാണ് അറ്റ്ലീ പങ്കുവെച്ചത്. ഹാൻസ് സിമ്മർ ഉൾപ്പെടെയുള്ള പ്രമുഖ സംഗീതജ്ഞർ പ്രവർത്തിച്ചിട്ടുള്ള സ്റ്റുഡിയോയിൽ എത്തിയപ്പോൾ തങ്ങളാരാണെന്ന് അവിടെയുള്ളവർക്ക് അറിയില്ലായിരുന്നെന്നും ഇരുവരോടും ആദ്യം വലിയ പരിഗണന ലഭിച്ചില്ലെന്നും അറ്റ്ലീ പറഞ്ഞു.
തുടർന്ന് സായ് നൽകിയ സംഗീത നോട്ടുകൾ ഉപയോഗിച്ച് അവിടെയുണ്ടായിരുന്ന സംഗീതജ്ഞർ കമ്പോസിഷൻ അവതരിപ്പിച്ചു. സംഗീതം പൂർത്തിയായതോടെ എല്ലാവരും കൈയടിക്കുകയും സായിയാണ് സംഗീത സംവിധായകനെന്ന് മനസ്സിലാക്കിയ ശേഷം അദ്ദേഹത്തെ സമീപിച്ച് അഭിനന്ദിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തുവെന്നാണ് അറ്റ്ലീ പറഞ്ഞത്. ആ നിമിഷം ഒരിക്കലും മറക്കാനാകാത്തതാണെന്നും സായിയുടെ കഴിവ് നേരിട്ട് ബോധ്യപ്പെട്ട അനുഭവമാണിതെന്നും അറ്റ്ലീ വ്യക്തമാക്കി. സായ് ‘നേപ്പോ കിഡ്’ അല്ലെന്നും സ്വന്തം കഴിവിലൂടെ മുന്നേറുന്ന പ്രതിഭയാണെന്നും അറ്റ്ലീ നേരത്തെ പ്രതികരിച്ചിരുന്നു.



