വിസ്കിയുടെ പഴക്കവും രുചിയും ബഹിരാകാശത്ത് എങ്ങനെ മാറുമെന്ന് കണ്ടെത്താൻ പുതിയ പരീക്ഷണവുമായി സ്കോട്ട്ലൻഡിലെയും ജപ്പാനിലെയും എൻജിനീയർമാർ. ‘സ്പേസ് പഫിൻ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ 2028ൽ വിസ്കി സാമ്പിളുകളും അതിന്റെ നിർമാണത്തിന് ആവശ്യമായ ഘടകങ്ങളും ഉൾപ്പെടുത്തിയ ക്യൂബ്‌സാറ്റ് ബഹിരാകാശത്തേക്ക് അയയ്ക്കും. സ്പേസ് എക്സിന്റെ ദൗത്യത്തിലൂടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കുന്ന ക്യൂബ്‌സാറ്റ് പിന്നീട് ഭ്രമണപഥത്തിലേക്ക് വിന്യസിക്കാനാണ് പദ്ധതി.
ഏകദേശം അഞ്ച് വർഷം ഭ്രമണപഥത്തിൽ തുടരുന്ന സാമ്പിളുകളെ നിരീക്ഷിച്ച് നിറത്തിലും രാസഘടനയിലും ഉണ്ടാകുന്ന മാറ്റങ്ങൾ ശാസ്ത്രജ്ഞർ പഠിക്കും. ഭൂമിയെ ഏകദേശം 90 മിനിറ്റിൽ ഒരിക്കൽ ചുറ്റുന്നതിനിടെ നേരിടുന്ന അതിശൈത്യവും കടുത്ത ചൂടും വിസ്കിയുടെ പഴക്കപ്പെടൽ പ്രക്രിയ വേഗത്തിലാക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ഭൂമിയിലെ കാസ്‌ക് പഴക്കപ്പെടുത്തൽ അനുകരിക്കാൻ ചെറിയ മരക്കഷ്ണങ്ങൾക്കൊപ്പമായിരിക്കും ദ്രാവക സാമ്പിളുകൾ സൂക്ഷിക്കുക. ബഹിരാകാശത്ത് രാസവസ്തുക്കളുടെ നിർമാണം എങ്ങനെ സാധ്യമാക്കാമെന്നതിനെക്കുറിച്ചുള്ള പഠനത്തിനും ഈ പരീക്ഷണം സഹായിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.



