ദുബായ്: ഇറാന് മേൽ ഇനി ആക്രമണമുണ്ടാകില്ലെന്ന ഗ്യാരണ്ടി നൽകിയാൽ ഹോർമൂസ് തുറക്കുന്നതും ആണവ വിഷയവും പരിഗണിക്കാമെന്ന് ഇറാൻ. അമേരിക്കയ്ക്ക് രേഖാമൂലം നൽകിയ നിലപാടുകളിലാണ് ഇറാൻ ഉപാധികൾ അറിയിച്ചിരിക്കുന്നത്. ഹോർമൂസ് വിഷയത്തിൽ ഒമാനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം അയൽ രാജ്യങ്ങളാണ് പ്രധാനമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞതും ശ്രദ്ധേയമായി. ഹോർമൂസിൽ സ്തംഭിച്ച നാവികരെ സ്വതന്ത്രരാക്കണമെന്ന് ഒമാൻ വ്യക്തമാക്കി.
ഇറാന്റെ പുതിയ നിലപാട് സമ്മർദമായും വഴങ്ങലായും വ്യാഖാനിക്കാവുന്നതാണ്. ഇനി ആക്രമിക്കില്ലെന്ന സുരക്ഷാ ഗ്യാരണ്ടി ആദ്യം വേണമെന്നും ഇതോടെ ഹോർമൂസ് തുറക്കുന്നത് ആലോചിക്കുമെന്നും പിന്നീട് ആണവ വിഷയം ചർച്ച ചെയ്യാമെന്നുമാണ് ഇറാന്റെ നിലപാട്. എന്നാൽ അമേരിക്ക ഇതംഗീകരിക്കുമോ എന്നതാണ് പ്രധാനം. ഹോർമൂസിലെ നിയന്ത്രണം ഒമാനുമായി ഇറാൻ ചർച്ച ചെയ്തു. സ്തംഭിച്ചു കിടക്കുന്ന നാവികരെയും കപ്പലുകളെയും സ്വതന്ത്രരാക്കുന്നതിന് ലോകത്തോട് കൂട്ടുത്തരവാദിത്തമുണ്ടെന്ന് ഒമാൻ വിദേശകാര്യമന്ത്രി കൂടിക്കാഴ്ച്ചയ്ക്ക് ശേഷം വ്യക്തമാക്കി. ഹോർമൂസിലെ സുരക്ഷിത നാവിക ഗതാഗതമാണ് ചർച്ച ചെയ്തതെന്ന് ഇറാനും അംഗീകരിച്ചു.
