ചാലക്കുടി: കേരളത്തിൽ ആദ്യമായി വിമാനമാർഗം ഹൃദയമെത്തിച്ച് ശസ്ത്രക്രിയ നടത്തിയ ചാലക്കുടി പരിയാരം സ്വദേശി മാത്യു അച്ചാടന്‍ (57) അന്തരിച്ചു. 2015 ജൂലൈ 24നാണ് മാത്യു ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായത്. നാവികസേനയുടെ ഡോണിയർ വിമാനത്തിലാണ് തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് ഹൃദയം എത്തിച്ചത്. ശ്രീ ചിത്തിര തിരുനാൾ മെഡിക്കൽ സെന്ററിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പാറശാല സ്വദേശി അഡ്വ. നീലകണ്ഠശർമക്ക് മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ ഹൃദയം മാത്യുവിന് മാറ്റിവച്ചത്.
സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലെ രോഗികളുടെ പട്ടികയിൽ നിന്നാണ് ഹൃദയകൈമാറ്റത്തിന് കൊച്ചി ലിസി ആശുപത്രിയിൽ ചികിൽസയിലുള്ള മാത്യു അച്ചാടനെ കണ്ടെത്തിയത്. മാത്യുവിന്റെയും നീലകണ്ഠ ശർമയുടെയും രക്തഗ്രൂപ്പ് ഒ പോസിറ്റീവ് ആയിരുന്നു.
തിരുവനന്തപുരത്ത് നിന്ന് 210 കിലോമീറ്റർ അകലെയുള്ള കൊച്ചിയിൽ അഞ്ച് മണിക്കൂറിനുള്ളിൽ ഹൃദയം എത്തിച്ച് ശസ്ത്രക്രിയ പൂർത്തിയാക്കണമെന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം. റോഡ് മാർഗം പ്രായോഗികമല്ലാത്തതിനാലാണ് ആകാശ മാർഗം എത്തിക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഇടപെട്ട് കൊച്ചിയിൽ നിന്ന് വ്യോമസേനയുടെ വിമാനം സജ്ജമാക്കി. ഇതിനുള്ള ഫയലുകൾ പൂർത്തിയാക്കി അർധരാത്രി സർക്കാർ ഉത്തരവിറങ്ങി.
കൊച്ചിയിൽ നിന്ന് ഡോക്ടർമാരെയും കൊണ്ട് 2015 ജൂലൈ 24 ഉച്ചയ്ക്ക് 2.20 ന് വിമാനം തിരുവനന്തപുരത്തെത്തി. പൊലീസ് പൈലറ്റ് വാഹനത്തിന്റെ സഹായത്തോടെ ഗതാഗതം നിയന്ത്രിച്ച് നിമിഷങ്ങൾക്കുള്ളിൽ ശ്രീ ചിത്തിര തിരുനാൾ ആശുപത്രിയിലേക്കെത്തി. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ മൂന്നുമണിയോടെ തുടങ്ങിയ ശസ്ത്രക്രിയ 6.20 ന് പൂർത്തിയാക്കി ഹൃദയം പുറത്തെടുത്തു. 6.51 ന് വിമാനം തിരികെ കൊച്ചിയിലേക്കു പറന്നു. 7.35 ന് കൊച്ചിയിലെത്തി. തുടർന്ന് ആശുപത്രിയിലെത്തിയ ഡോക്ടർമാർ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.
