ചെന്നൈ: തെന്നിന്ത്യൻ സിനിമയിൽ ഒരിടയ്ക്ക് തരംഗമായി മാറിയ ഫ്രാഞ്ചൈസി ആയിരുന്നു എൽ.സി.യു ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കമൽ ഹാസൻ നായകനായി എത്തിയ വിക്രം എന്ന സിനിമയിൽ തന്റെ മുൻ ചിത്രമായ കൈതിയിലെ കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെട്ടതോടെയാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് എന്ന ഫ്രാഞ്ചൈസി ചർച്ചകൾ സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയാവുന്നത്. ഇതിന് പിന്നാലെ എൽ.സി.യു സ്ഥിരീകരിച്ച് ലോകേഷും രംഗത്തുവന്നിരുന്നു. അത്തരത്തിൽ വിക്രം സിനിമയിൽ ടെയിൽ എൻഡിൽ പ്രത്യക്ഷപ്പെടുന്ന എൽ.സി.യുവിലെ പ്രധാന പ്രതിനായക കഥാപാത്രമായിരുന്നു സൂര്യ അവതരിപ്പിച്ച റോളക്സ് എന്ന കഥാപാത്രം. റോളക്‌സിനെ മുൻനിർത്തി താൻ മറ്റൊരു സിനിമ ചെയ്യുന്നുണ്ടെന്ന് ലോകേഷ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. സൂര്യയെ ഇതുവരെ കാണാത്ത ലുക്കിലായിരുന്നു ചിത്രത്തിൽ ലോകേഷ് അവതരിപ്പിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സൂര്യ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ലോകേഷ് എന്താണ് ചെയ്യുന്നതെന്ന് തനിക്ക് അറിയില്ലെന്നും. റോളക്സ് സംഭവിക്കുന്ന സമയത്ത് സംഭവിക്കട്ടെയെന്നും സൂര്യ പറഞ്ഞു. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സൂര്യയുടെ പ്രതികരണം. “എന്താണ് ലോകേഷ് ചെയ്യുന്നതെന്ന് എനിക്കറിയില്ല. അവന്‍ അല്ലു അര്‍ജുന്‍ സിനിമയുടെ തിരക്കിലാണ്. അതിന് ശേഷം വിക്രം 2വും ചെയ്യാനുണ്ട്. ഇന്റര്‍വ്യുകളില്‍ റോളക്‌സ് ഉണ്ടെന്നും എഴുതുകയാണെന്നും അവന്‍ പറയുന്നത് കാണാറുണ്ട്. സംഭവിക്കുമ്പോള്‍ സംഭവിക്കും. കാലം തീരുമാനിക്കട്ടെ.” സൂര്യ പറയുന്നു.
‘റോളക്സ്’ അപ്‌ഡേറ്റ് പങ്കുവച്ച് സൂര്യ
