ചെന്നൈ: ചെന്നൈ മെട്രോയുടെ രണ്ടാംഘട്ടത്തിലെ പൂനമല്ലി–വടപളനി പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഏകദേശം 4,900 കോടി രൂപ ചെലവിൽ നിർമിച്ച പാതയുടെ ഉദ്ഘാടനത്തിന് പിന്നാലെ പ്രധാനമന്ത്രി മെട്രോയിൽ യാത്രയും നടത്തി. പോരൂർ ബൈപാസ് സ്റ്റേഷനിൽനിന്ന് പൂനമല്ലി ബൈപാസ് സ്റ്റേഷനിലേക്കും തിരിച്ചുമായിരുന്നു യാത്ര. ക്യൂആർ കോഡ് സ്കാൻ ചെയ്ത് പണം നൽകി ടിക്കറ്റെടുത്ത ശേഷമാണ് മോദി മെട്രോയിൽ കയറിയത്. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തു.
പ്രധാനമന്ത്രിയുടെ തമിഴ്നാട് സന്ദർശനത്തിന്റെ ഭാഗമായി ഏകദേശം 13,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യും. ചെന്നൈ വിമാനത്താവളത്തിലെത്തിയ മോദിയെ ഗവർണറും മുഖ്യമന്ത്രി വിജയ്യും ചേർന്നാണ് സ്വീകരിച്ചത്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ചെന്നൈയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ എട്ടുമണി മുതൽ വൈകുന്നേരം 4.30 വരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
ദേശീയപാത വികസന പദ്ധതികൾ
ദേശീയപാത 744ൽ 36 കിലോമീറ്റർ ദൈർഘ്യമുള്ള വടുകപ്പെട്ടി–തെർക്കുവെങ്ങനല്ലൂർ നാലുവരിപ്പാത പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ദേശീയപാത 744എയിൽ 30 കിലോമീറ്റർ ദൈർഘ്യമുള്ള മധുര റിംഗ് റോഡും ഉദ്ഘാടനം ചെയ്യും. ദേശീയപാത 83ലെ നാഗപട്ടണം–തഞ്ചാവൂർ പാതയുടെ ഭാഗമായ തിരുവാരൂർ ബൈപാസിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.
റെയിൽവേ, തുറമുഖ മേഖലകൾക്കും വികസനം
750 കോടി രൂപയിലധികം ചെലവുവരുന്ന റെയിൽവേ അടിസ്ഥാനസൗകര്യ പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി നവീകരിച്ച പളനി, വെല്ലൂർ കന്റോൺമെന്റ്, അംബാസമുദ്രം, പരമക്കുടി, നാമക്കൽ എന്നീ അഞ്ച് റെയിൽവേ സ്റ്റേഷനുകളും ഉദ്ഘാടനം ചെയ്യും.
തമിഴ്നാട്ടിലെ തുറമുഖങ്ങളുടെ ശേഷി വർധിപ്പിക്കുന്നതിനും ചരക്കുനീക്കം സുഗമമാക്കുന്നതിനുമുള്ള പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും. ചെന്നൈയിലെ മണലിയിലുള്ള ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ റിഫൈനറിയിൽ ഗ്രൂപ്പ് II/III ലൂബ് ഓയിൽ ബേസ് സ്റ്റോക്ക് പദ്ധതിയുടെ തറക്കല്ലിടലും നിർവഹിക്കും.
മെട്രോ റെയിൽ, ദേശീയപാത, റെയിൽവേ, തുറമുഖം, പെട്രോളിയം മേഖലകളിലായി തമിഴ്നാട്ടിലെ ഗതാഗത-വ്യവസായ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുകയാണ് വിവിധ പദ്ധതികളുടെ ലക്ഷ്യം.


