കൊച്ചി: സർവകലാശാലകളിലെ പാഠ്യപദ്ധതി പരിഷ്കരണത്തിൽ വിദ്യാർഥികൾക്കും നേരിട്ട് പങ്കാളികളാകാൻ അവസരം. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയായ കുസാറ്റിലാണ് പുതിയ മാറ്റം നടപ്പാക്കുന്നത്. ഓരോ പഠന വകുപ്പിലെയും കരിക്കുലം കമ്മിറ്റികളിൽ വിദ്യാർഥികളെയും ഉൾപ്പെടുത്താനാണ് തീരുമാനം.
വ്യവസായ-സാങ്കേതിക മേഖലകളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വേഗത്തിൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. വൈസ് ചാൻസലർ പ്രൊഫ. എം. ജുനൈദ് ബുഷിരിയുടെ അധ്യക്ഷതയിൽ ചേർന്ന ഫ്ലക്സി കരിക്കുലം ഇംപ്ലിമെന്റേഷൻ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
പുതിയ സംവിധാനമനുസരിച്ച് ഓരോ വകുപ്പിലെയും പാഠ്യപദ്ധതിയുടെ 20 ശതമാനം കാലാനുസൃതമായി മാറ്റാൻ കഴിയും. ബാക്കി 80 ശതമാനം അടിസ്ഥാന പാഠ്യവിഷയങ്ങളായി തുടരും. പുതിയ സാങ്കേതികവിദ്യകൾ, ഗവേഷണ കണ്ടെത്തലുകൾ, വ്യവസായ മേഖലയിലെ മാറ്റങ്ങൾ എന്നിവയ്ക്കനുസരിച്ച് പഠനവിഷയങ്ങൾ പുതുക്കാൻ ഇതിലൂടെ സാധിക്കും.
അധ്യാപകർക്ക് പുറമെ തിരഞ്ഞെടുക്കപ്പെടുന്ന ഗവേഷക വിദ്യാർഥികൾ, ബിരുദ-ബിരുദാനന്തര വിദ്യാർഥികൾ എന്നിവരും ഡിപ്പാർട്ട്‌മെന്റ് കരിക്കുലം കമ്മിറ്റിയുടെ ഭാഗമാകും. ഓരോ സെമസ്റ്ററിലും ഫ്ലക്സിബിൾ കരിക്കുലത്തിന്റെ ഭാഗമായി ഉൾപ്പെടുത്തേണ്ട വിഷയങ്ങൾ ഈ കമ്മിറ്റിക്ക് തീരുമാനിക്കാം.
വ്യവസായ വിദഗ്ധർക്കും പൂർവവിദ്യാർഥികൾക്കും പുതിയ വിഷയങ്ങൾ നിർദേശിക്കാനുള്ള അവസരവുമുണ്ടാകും. തൊഴിൽമേഖലയുടെ ആവശ്യങ്ങളും വിദ്യാർഥികളുടെ പഠനവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു ഫ്ലക്സിബിൾ കരിക്കുലം സംവിധാനം നടപ്പാക്കുന്നതെന്നാണ് സർവകലാശാലയുടെ അറിയിപ്പ്. പരമ്പരാഗത സിലബസ് പരിഷ്കരണത്തിനായി ദീർഘകാലം കാത്തിരിക്കാതെ പുതിയ അറിവുകളും സാങ്കേതികവിദ്യകളും പഠനത്തിന്റെ ഭാഗമാക്കാൻ ഈ മാറ്റം സഹായിക്കുമെന്നാണ് പ്രതീക്ഷ.



