ബ്രസീലിയ: ബ്രസീലിൽ വീണ്ടും ഇടതുപക്ഷത്തിന് അധികാരം. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ തൊഴിലാളി പാർട്ടി നേതാവ് ലൂയിസ് ഇനാഷ്യോ ലുല ഡ സിൽവ വിജയിച്ചതായാണ് റിപ്പോർട്ട്. വലതുപക്ഷ സ്ഥാനാർഥിയും മുൻ പ്രസിഡന്റ് ജയർ ബൊൾസൊനാരോയുടെ മകനുമായ ഫ്ലാവിയോ ബൊൾസൊനാരോയെ പരാജയപ്പെടുത്തിയാണ് ലുലയുടെ മുന്നേറ്റം.
ഒക്ടോബർ 25ന് നടന്ന വാശിയേറിയ രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ ലുലയ്ക്ക് 51.7 ശതമാനം വോട്ടും ഫ്ലാവിയോയ്ക്ക് 48.2 ശതമാനം വോട്ടുമാണ് ലഭിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. 80 വയസ്സുകാരനായ ലുല ഇതോടെ നാലാം തവണ ബ്രസീലിന്റെ പ്രസിഡന്റ് പദവിയിലെത്തുകയാണ്.
ആദ്യഘട്ട തിരഞ്ഞെടുപ്പിൽ പിന്നിലായിരുന്ന ലുല ശക്തമായ തിരിച്ചുവരവിലൂടെയാണ് വിജയം നേടിയത്. ഒക്ടോബർ നാലിന് നടന്ന ആദ്യഘട്ടത്തിൽ ഫ്ലാവിയോയ്ക്ക് 47 ശതമാനം വോട്ടും ലുലയ്ക്ക് 45 ശതമാനം വോട്ടുമായിരുന്നു ലഭിച്ചത്. ആർക്കും കേവല ഭൂരിപക്ഷം നേടാനാകാത്തതോടെയാണ് മത്സരം രണ്ടാംഘട്ടത്തിലേക്ക് നീണ്ടത്.
എന്നാൽ തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്ത് ഫ്ലാവിയോ രംഗത്തെത്തിയതായും റിപ്പോർട്ടുകളുണ്ട്. വോട്ടെടുപ്പ് സമയം നീട്ടിനൽകിയ നടപടിയെ ചൂണ്ടിക്കാട്ടി ഫലം റദ്ദാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇതോടെ തിരഞ്ഞെടുപ്പിന് ശേഷവും ബ്രസീലിലെ രാഷ്ട്രീയ പോരാട്ടം തുടരുകയാണ്.
മുൻ പ്രസിഡന്റ് ജയർ ബൊൾസൊനാരോ 2022ലെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട പശ്ചാത്തലത്തിലാണ് മകൻ ഫ്ലാവിയോ മത്സരരംഗത്തെത്തിയത്. അതിനാൽ തന്നെ ഈ തിരഞ്ഞെടുപ്പ് ബ്രസീലിന്റെ രാഷ്ട്രീയ ഭാവിയെ നിർണയിക്കുന്ന പോരാട്ടമായും വിലയിരുത്തപ്പെട്ടു.
ലാറ്റിനമേരിക്കയിലെ പല രാജ്യങ്ങളിലും വലതുപക്ഷ രാഷ്ട്രീയത്തിന് പിന്തുണ വർധിക്കുന്നതിനിടെയാണ് ബ്രസീലിൽ ലുലയുടെ വിജയം. രാജ്യത്തിന്റെ സാമ്പത്തിക നയങ്ങൾ, സാമൂഹിക ക്ഷേമ പദ്ധതികൾ, രാഷ്ട്രീയ സ്ഥിരത എന്നിവയിൽ പുതിയ ഭരണകാലം എങ്ങനെ സ്വാധീനം ചെലുത്തുമെന്നതാണ് ഇനി ലോകം ഉറ്റുനോക്കുന്നത്.



