ദുബൈയിൽ പൊതുഗതാഗത രംഗത്ത് വന്‍ വിപ്ലവം

ദുബൈ: പൊതുഗതാഗത രംഗത്ത് വന്‍ വിപ്ലവവുമായി ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ). പൊതുഗതാഗത ബസ് സര്‍വീസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കുന്നതിനായി നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള പുതിയ സ്മാര്‍ട് സംവിധാനം ആര്‍ടിഎ പുറത്തിറക്കി. അടിയന്തര ഘട്ടങ്ങളിലും മറ്റ് ആവശ്യങ്ങളിലും റൂട്ടുകളിലേക്ക് ബസുകള്‍ നിയോഗിക്കുന്നതിനുള്ള സമയം ഒരു മിനിറ്റില്‍ താഴെയായി കുറച്ചു.

ദുബൈ മെട്രോ, ദുബൈ ട്രാം എന്നിവയുള്‍പ്പെടെയുള്ള മറ്റ് പൊതുഗതാഗത സംവിധാനങ്ങളിലെ സമയമാറ്റങ്ങള്‍ക്കും തിരക്കുകള്‍ക്കും അനുസൃതമായി ബസ് സര്‍വീസുകള്‍ കൃത്യമായി ഏകോപിപ്പിക്കാന്‍ ഈ പുതിയ എഐ സംവിധാനത്തിലൂടെ സാധിക്കും.
പുതിയ സ്മാര്‍ട്ട് സാങ്കേതികവിദ്യയിലൂടെ ദുബൈയിലെ 1,100-ലധികം ബസുകളെ തത്സമയം നിരീക്ഷിക്കാന്‍ സാധിക്കും. അടിയന്തര ഘട്ടങ്ങള്‍, മെട്രോ വൈകുന്നത്, പെട്ടെന്നുണ്ടാകുന്ന തിരക്ക് തുടങ്ങി 26 വ്യത്യസ്ഥ സാഹചര്യങ്ങളെ മുന്‍കൂട്ടി കണ്ട് ബസുകള്‍ വേഗത്തില്‍ വിന്യസിക്കാന്‍ ഇതിന് ശേഷിയുണ്ട്.

മെഷീന്‍ ലേണിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ‘ഡിസിഷന്‍ സപ്പോര്‍ട്ട് സിസ്റ്റം’ ഏറ്റവും അനുയോജ്യമായ ബസുകള്‍ ഏതാണെന്ന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ കണ്ടെത്തുകയും സര്‍വീസിന് നിയോഗിക്കുകയും ചെയ്യും. ദുബൈയെ ഒരു സമ്പൂര്‍ണ സ്മാര്‍ട്ട് സിറ്റിയാക്കി മാറ്റുന്നതിനുള്ള നിര്‍ണായക ചുവടുവെപ്പാണിത്.

Leave a Reply

Your email address will not be published. Required fields are marked *