ഡൽഹി : പാൻക്രിയാറ്റിക് കാൻസറിനുള്ള പുതിയ ടാർഗറ്റഡ് ചികിത്സയ്ക്ക് അനുമതി നൽകി യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ‘റാസോൺക്യൂ’ എന്ന പേരിൽ വിപണിയിലെത്തിക്കുന്ന ‘ഡാറാക്സോൺറാസിബ്’ (daraxonrasib) എന്ന മരുന്നാണ് പാൻക്രിയാറ്റിക് കാൻസർ പ്രതിരോധത്തിനു ഫലപ്രദമെന്നു കണ്ടെത്തിയത്. പാൻക്രിയാറ്റിക് കാൻസർ വളർച്ചയ്ക്ക് സഹായിക്കുന്ന ആർ.എ.എസ് (RAS) പ്രോട്ടീനുകൾക്കെതിരെ പ്രവർത്തിക്കുന്ന മരുന്നാണിത്. 2026 ഓഗസ്റ്റ് 26-നാണ് ദിവസേന കഴിക്കാവുന്ന രൂപത്തിലുള്ള ഈ മരുന്നിന് അംഗീകാരം നൽകിയത്. ഇതിനകം കുറഞ്ഞത് ഒരു തവണ കാൻസർ ചികിത്സയിലൂടെ കടന്നുപോയിട്ടുള്ള മെറ്റാസ്റ്റാറ്റിക് പാൻക്രിയാറ്റിക് അഡിനോകാർസിനോമ ഉള്ളവർക്കാണ് ചികിത്സ നൽകുക.
കാൻസർ കോശങ്ങളുടെ വളർച്ചയെ സഹായിക്കുന്ന ആർ.എ.എസ് പ്രോട്ടീനുകൾക്കെതിരെ പ്രവർത്തിക്കുകയാണ് മരുന്ന് ചെയ്യുന്നത്. മൂന്നാംഘട്ട RASolute 302 ട്രയലിനൊടുവിലാണ് എഫ്ഡിഎ മരുന്നിന് അംഗീകാരം നൽകിയത്. മുൻകാല ചികിത്സയ്ക്ക് ശേഷവും അർബുദം പടരുകയും രോഗം മൂർച്ഛിക്കുകയും ചെയ്തവരെയാണ് പരീക്ഷണത്തിൽ ഉൾപ്പെടുത്തിയത്. ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ ഇതേക്കുറിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്.



