അബുദാബി: നേപ്പാളിൽ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് യു.എ.ഇ 10 ദശലക്ഷം യു.എസ് ഡോളറിന്റെ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രത്യേക നിർദേശത്തെ തുടർന്നാണ് ഈ സഹായം അനുവദിച്ചത്. ‘യു.എ.ഇ എയ്ഡ് ഏജൻസി’ വഴിയാണ് അടിയന്തര ആശ്വാസ നടപടികൾ നടപ്പിലാക്കുന്നത്. ദുരന്തബാധിത പ്രദേശങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള എല്ലാ വിഭാഗം ആളുകളിലേക്കും സഹായം കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ യു.എ.ഇ എയ്ഡ് ഏജൻസി പ്രതിനിധികൾ നിലവിൽ പ്രാദേശിക ഭരണകൂടങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ചേർന്ന് പ്രവർത്തിച്ചുവരികയാണ്. മാനവികതയും അന്താരാഷ്ട്ര സഹകരണവും മുൻനിർത്തി, ലോകത്തെവിടെയും അടിയന്തര ഘട്ടങ്ങളിൽ സഹായഹസ്തം നീട്ടുന്ന യു.എ.ഇയുടെ മുൻനിര പങ്കാണ് ഈ നടപടിയിലൂടെ വീണ്ടും വ്യക്തമാകുന്നതെന്ന് യു.എ.ഇ എയ്ഡ് ഏജൻസി ചെയർമാൻ ഡോ. താരിഖ് അഹമ്മദ് അൽ അമിരി പറഞ്ഞു. ദുരന്തസമയങ്ങളിൽ ജനങ്ങൾക്ക് ആവശ്യമായ ആശ്വാസവും പിന്തുണയും നൽകുന്നതിന് കൂട്ടായ മാനുഷിക പ്രവർത്തനങ്ങൾ ശക്തമാക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി.


