ഡൽഹി: ആറ് കോടി രൂപയുടെ ചെക്ക് മടങ്ങിയ കേസിൽ കുടിശ്ശിക തിരിച്ചടക്കാൻ ബോളിവുഡ് നടൻ രാജ്പാൽ യാദവിന് കൂടുതൽ സമയം നൽകാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. വ്യാഴാഴ്ചയായിരുന്നു ഡൽഹി ഹൈക്കോടതി കേസ് പരിഗണിച്ചത്. കുടിശ്ശിക അടക്കാനായി 30 ദിവസംകൂടി വേണമെന്ന താരത്തിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. മുൻപ് നൽകിയ ഉറപ്പുകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതും കോടതി നടപടികൾ വൈകുകയും ചെയ്ത സാഹചര്യത്തിലാണ് താരത്തിന്റെ ആവശ്യം തള്ളിക്കൊണ്ട് ജസ്റ്റിസ് സ്വർണകാന്ത ശർമ്മ നടപടി സ്വീകരിച്ചത്.
എം/എസ് മുരളി പ്രൊജക്റ്റ് നൽകിയ പരാതിയിലാണ് നിയമ നടപടികൾ ആരംഭിച്ചത്. 2024 മെയ് മാസത്തിൽ ചെക്ക് മടങ്ങിയ കേസിൽ ഒരു സെഷൻസ് കോടതി യാദവിനെ കുറ്റക്കാരനായി കണ്ടെത്തുകയും ആറ് മാസത്തെ തടവ് ശിക്ഷക്ക് വിധിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഈ തർക്കം പരിഹരിക്കാമെന്ന് ഉറപ്പു നൽകിയതിനെത്തുടർന്ന് തടവ് ശിക്ഷ മരവിപ്പിക്കുകയും ഒത്തുതീർപ്പിനായി ഈ കേസ് ഡൽഹി ഹൈക്കോടതി മീഡിയേഷൻ സെന്ററിലേക്ക് കൈമാറുകയും ചെയ്തിരുന്നു.
മുൻപ് നൽകിയ ഉറപ്പുകൾ പ്രകാരം 2.5 കോടി രൂപ അടക്കുന്നതിൽ യാദവ് പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. ഇതിനെ തുടർന്ന് 2026 ഫെബ്രുവരിയിൽ കീഴടങ്ങാൻ കോടതി ഉത്തരവിട്ടിരുന്നു. ഫെബ്രുവരി 5 ന് യാദവ് കീഴടങ്ങുകയും 1.5 കോടി രൂപ പരാതിക്കാരന് നൽകിക്കൊണ്ട് ഇളവുകൾ നേടുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ബാക്കിയുള്ള 6 കോടി രൂപ തിരിച്ചടക്കാനായി 30 ദിവസംകൂടി ചോദിച്ചപ്പോൾ അനുവദിയ്ക്കാൻ സാധിക്കില്ലെന്ന് കോടതി തറപ്പിച്ചു പറഞ്ഞു.
