ഡൽഹി: കുറഞ്ഞ ചെലവിൽ ഇന്ത്യൻ ചരക്കുകപ്പലുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനായി 13,800 കോടി രൂപയുടെ ‘സോവറിൻ മാരിടൈം ഫണ്ട്’ രൂപീകരിക്കാൻ തീരുമാനിച്ച് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗത്തിലായിരുന്നു തീരുമാനം. പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങൾ മൂലം ഹോർമുസ് കടലിടുക്കിലടക്കം കപ്പൽ ഗതാഗതം കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിൻ്റെ തീരുമാനം വന്നിരിക്കുന്നത്.
അന്താരാഷ്ട്ര ഇൻഷുറൻസ് കമ്പനികൾ ഇത്തരം യുദ്ധസാധ്യതയുള്ള മേഖലകളിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് വൻ തോതിൽ ഇൻഷുറൻസ് പ്രീമിയം വർദ്ധിപ്പിക്കുകയോ, ഇൻഷുറൻസ് നിഷേധിക്കുകയോ ചെയ്യുന്നുണ്ട്. ഇത് പരിഹരിക്കാനാണ് കേന്ദ്രസർക്കാർ സ്വന്തം നിലയിൽ ഫണ്ട് രൂപീകരിച്ചിരിക്കുന്നത്. ഇന്ത്യൻ പതാകയുള്ള കപ്പലുകൾക്കും, ഇന്ത്യയിലേക്കും തിരിച്ചുമുള്ള ചരക്കുനീക്കങ്ങൾക്കും ഫണ്ട് വഴി ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്ന് കേന്ദ്രസർക്കാർ ഉറപ്പുനൽകുന്നു.
തുടക്കത്തിൽ പത്ത് വർഷത്തേക്കാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആവശ്യമെങ്കിൽ ഇത് 15 വർഷം വരെ നീട്ടാനും വ്യവസ്ഥയുണ്ട്. അന്താരാഷ്ട്ര ഇൻഷുറൻസ് ക്ലബ്ബുകളെയും വിദേശ റീ-ഇൻഷുറൻസ് കമ്പനികളെയും അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും. ഇൻഷുറൻസ് പ്രീമിയം ഇനത്തിൽ വിദേശ കമ്പനികൾക്ക് നൽകുന്ന വലിയൊരു തുക രാജ്യത്ത് തന്നെ നിലനിർത്താൻ ഇതിലൂടെ സാധിക്കും. ജെനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ആയിരിക്കും ഫണ്ടിന്റെ മേൽനോട്ടം വഹിക്കുകയെന്നാണ് സൂചന.



