തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയിൽ സിപിഎം കടുംപിടിത്തം തുടർന്നാൽ നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ സിപിഐ നീക്കം. പിന്നാലെ തന്നെ ഏഴ് മാസത്തിനുള്ളിൽ വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പും സിപിഐ തുറുപ്പുചീട്ടാക്കും. നിയമസഭയിൽ അംഗബലം കുറവായതിനാൽ സി.പി.എമ്മിന് സി.പി.ഐ.യുടെ വോട്ടില്ലാതെ രാജ്യസഭയിലേക്ക് വിജയിക്കാനാവില്ല.
എൽഡിഎഫിലെ തർക്കം മുതലെടുക്കാൻ യുഡിഎഫ് ഒരു സ്ഥാനാർഥിയെ അധികം നിർത്തുകയോ സി.പി.ഐ. ഒറ്റയ്ക്ക് സ്ഥാനാർഥിയെ നിർത്തിയാൽ പിന്തുണയ്ക്കുകയോ ചെയ്താൽ സി.പി.എമ്മിന് വെല്ലുവിളിയാവും.അതേസമയം, ഇരുപാർട്ടികളുടെയും കേന്ദ്രനേതൃത്വം ഐക്യത്തിന് നിലപാടെടുക്കുകയും എൽ.ഡി.എഫ്. കൺവീനർ അനുനയം വ്യക്തമാക്കുകയും ചെയ്ത പശ്ചാത്തലത്തിൽ സിപിഐ പ്രതീക്ഷ കൈവിട്ടിട്ടില്ല.
പി.വി. അബ്ദുൾ വഹാബ് , ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ എന്നിവരാണ് ഏപ്രിലിൽ കാലാവധി തീരുന്ന എം.പി.മാർ. 102 എം.എൽ.എ.മാരുള്ള യു.ഡി.എഫിന് രണ്ടുപേരെ ഉറപ്പായി വിജയിപ്പിക്കാം. പക്ഷേ, 35 പേർ മാത്രമുള്ള എൽ.ഡി.എഫിന് ഉള്ളവോട്ട് നഷ്ടപ്പെട്ടാൽ പ്രശ്നമാകും. സി.പി.എം.-26, സി.പി.ഐ.-എട്ട്, ആർ.ജെ.ഡി.-ഒന്ന് എന്നിങ്ങനെയാണ് എൽ.ഡി.എഫ് അംഗബലം.



