ദുബായ് : വേനൽക്കാലം ആഘോഷമാക്കാൻ ദുബായ് ഡെസ്റ്റിനേഷൻസ് പ്രചാരണത്തിന്റെ ആറാം പതിപ്പ് ആരംഭിച്ച് ബ്രാൻഡ് ദുബായ്. ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസിന്റെ സർഗാത്മക വിഭാഗമാണ് ബ്രാൻഡ് ദുബായ്. ദുബായ് സാമ്പത്തിക, വിനോദസഞ്ചാര വകുപ്പുമായി സഹകരിച്ച് നടത്തുന്ന പ്രചാരണം അടുത്തമാസം 31-വരെ നീണ്ടുനിൽക്കും. വിനോദ കേന്ദ്രങ്ങളിലും ഹോട്ടലുകളിലും വൈവിധ്യമാർന്ന ഓഫറുകളുടെ നീണ്ടനിര പുതിയ പതിപ്പിലുമുണ്ട്. പ്രധാനപ്പെട്ട വേനൽക്കാല ലക്ഷ്യസ്ഥാനമെന്നനിലയിൽ എമിറേറ്റിന്റെ പ്രശസ്തി വർധിപ്പിക്കുന്ന സ്ഥലങ്ങൾ, വിനോദ-സാഹസിക പ്രവർത്തനങ്ങൾ, സമാനതകളില്ലാത്ത അനുഭവങ്ങൾ എന്നിവ പ്രചാരണത്തിലൂടെ ഉയർത്തിക്കാട്ടും. ഇൻഡോർ വിനോദകേന്ദ്രങ്ങൾ, ബീച്ചുകൾ, വാട്ടർ തീം പാർക്കുകൾ, ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പ്രചാരണം പുരോഗമിക്കുന്നത്. നഗര സൗന്ദര്യത്തിന് ഊന്നൽ നൽകിക്കൊണ്ട് പ്രധാന വേനൽക്കാല ആകർഷണങ്ങളും ഓഫറുകളും പ്രദർശിപ്പിക്കുന്നുണ്ട്. പൊതു-സ്വകാര്യ മേഖലകൾ സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.
ദുബായ് ഡെസ്റ്റിനേഷൻസ് പ്രചാരണം ആരംഭിച്ചു
