സൂറിച്ച്: ഫിഫ ലോകകപ്പിന് കിക്കോഫാവാന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഫുട്ബോൾ ഗ്രൗണ്ടിലെ അച്ചടക്കമില്ലായ്മയ്ക്കും വംശീയ അധിക്ഷേപങ്ങൾക്കുമെതിരെ നിയമമാറ്റങ്ങളുമായി ഫിഫ. ലോകകപ്പിന് മുന്നോടിയായി പ്രഖ്യാപിച്ച പരിഷ്കാരങ്ങളിൽ ഏറ്റവും ശ്രദ്ധേയം കളിക്കാർ വായ മൂടിപ്പിടിച്ച് സംസാരിക്കുന്നതിനെതിരെയുള്ള നടപടിയാണ്. മൈതാനത്ത് തർക്കങ്ങൾക്കിടെ വായ മൂടിപ്പിടിച്ച് സംസാരിക്കുന്ന കളിക്കാർക്ക് ഇനി നേരിട്ട് ചുവപ്പ് കാർഡ് നൽകാൻ റഫറിമാർക്ക് അധികാരമുണ്ടാകും.
ലിപ് റീഡിംഗിലൂടെയോ വാർ പരിശോധനയിലൂടെയോ കണ്ടെത്താനാകാത്ത വിധം വംശീയ അധിക്ഷേപങ്ങളും തെറിവിളികളും നടത്തുന്നത് തടയാനാണ് ഈ നടപടി. കളിക്കാർ ഉപയോഗിക്കുന്ന അദൃശ്യമായ മറ ഇല്ലാതാക്കുകയാണ് ഇതിലൂടെ ഫിഫ ലക്ഷ്യമിടുന്നത്. ഈ വർഷം റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന് നേരെയുണ്ടായ വംശീയ അധിക്ഷേപം തെളിയിക്കുന്നതിലുണ്ടായ ബുദ്ധിമുട്ടുകളും ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിലെ വിവാദങ്ങളുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് ഫിഫയെ എത്തിച്ചത്. കൂടാതെ, റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് മൈതാനം വിടുന്നവർക്കും ഇനി ചുവപ്പ് കാർഡ് ലഭിക്കും.
ലോകകപ്പിലെ ടീമുകളുടെ എണ്ണം 48 ആയി വർധിപ്പിച്ച സാഹചര്യത്തിൽ, സൂപ്പർ താരങ്ങൾ സെമി ഫൈനലിലും ഫൈനലിലും പുറത്തിരിക്കേണ്ടി വരുന്നത് ഒഴിവാക്കാൻ മഞ്ഞക്കാർഡ് നിയമത്തിൽ ഫിഫ ഇളവ് നൽകി. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞാലുടൻ നിലവിലുള്ള മഞ്ഞക്കാർഡുകൾ റദ്ദാക്കും. തുടർന്ന് ക്വാർട്ടർ ഫൈനൽ കഴിഞ്ഞാലും മഞ്ഞക്കാർഡുകൾ ഒഴിവാക്കപ്പെടും. ഇതോടെ സെമി ഫൈനലിൽ ഒരു മഞ്ഞക്കാർഡ് ലഭിക്കുന്ന താരം ഫൈനലിൽ പുറത്തിരിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാകും. സെമിയിൽ ചുവപ്പ് കാർഡ് ലഭിച്ചാൽ മാത്രമേ ഫൈനൽ നഷ്ടമാകൂ.
