റിയാദ്: ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യ മേളകളിലൊന്നായ ‘ലീപ്പ് 2026’-െൻറ അഞ്ചാം പതിപ്പിന് തിങ്കളാഴ്ച റിയാദിൽ തുടക്കമാകും. റിയാദിന് വടക്കുള്ള മൽഹാം റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ സെപ്റ്റംബർ മൂന്ന് വരെയാണ് നാല് ദിവസം നീളുന്ന ഈ ആഗോള സാങ്കേതികവിദ്യ സംഗമം നടക്കുന്നത്. നാല് ദിവസവും ഉച്ചക്ക് ഒരു മണി മുതൽ രാത്രി ഒമ്പത് വരെയാണ് മേളയിലെ സന്ദർശന സമയം. റിയാദ് മെട്രോയുടെ സാബ് സ്റ്റേഷനിൽനിന്ന് മേള നഗരിയിലേക്ക് ഉച്ചക്ക് 12 മണി മുതൽ രാത്രി 10 മണി വരെയും തിരികെ ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി 11.30 വരെയും 15 മിനിറ്റ് ഇടവേളയിൽ ബസ് സർവിസുണ്ട്.
‘പുതിയ ലോകങ്ങളിലേക്ക്’ എന്ന പ്രമേയത്തിൽ സൗദി ആശയവിനിമയ-വിവരസാങ്കേതിക മന്ത്രാലയം, സൈബർ സെക്യൂരിറ്റി ഫെഡറേഷൻ, ‘തഹാളുഫ്’ കമ്പനി എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന മേളയുടെ തുടക്കത്തിന് മുന്നോടിയായി വാര്‍ത്താ മന്ത്രാലയം സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി എൻജി. അബ്ദുല്ല അൽ സവാഹ മേളയുടെ വിശേഷങ്ങളും സൗദി കൈവരിച്ച നിർണായക നേട്ടങ്ങളും വിശദീകരിച്ചു.
മുൻപ് സാങ്കേതികവിദ്യ ഇറക്കുമതി ചെയ്തിരുന്ന സൗദി അറേബ്യ ഇന്ന് അത് കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറിയെന്ന് മന്ത്രി വെളിപ്പെടുത്തി. രാജ്യത്ത് നിർമിച്ച 3,000-ലധികം സെർവറുകൾ അയൽരാജ്യങ്ങളിലേക്ക് കയറ്റി അയക്കാൻ സാധിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാെൻറ പൂർണ പിന്തുണയോടെ നടക്കുന്ന ‘ലീപ്’, 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാങ്കേതിക മുന്നേറ്റമാണ്.



