ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയ് നേതൃത്വം നൽകുന്ന ടിവികെയുടെ വിജയത്തിന് പിന്നിൽ ഇൻസ്റ്റഗ്രാമും കുട്ടികളുമാണെന്ന് മുൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെയും കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ടിവികെയുടെ പ്രചാരണം വോട്ടർമാരെ സ്വാധീനിക്കുന്നുണ്ടെന്ന് തിരിച്ചറിയുന്നതിൽ ഡിഎംകെ പരാജയപ്പെട്ടെന്നും സ്റ്റാലിൻ പറഞ്ഞു.
ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചുകൊണ്ടുള്ള കുട്ടികളുടെ പ്രചാരണങ്ങൾ അമ്മമാരെയും മുത്തശ്ശിമാരെയും കാര്യമായി സ്വാധീനിച്ചു. സോഷ്യൽ മീഡിയയെ മുഖവിലക്കെടുത്തുകൊണ്ടുള്ള പ്രചാരണം തിരിച്ചറിയുന്നതിൽ പാർട്ടിക്ക് വീഴ്ച പറ്റിയെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. ഇത്തരം നീക്കങ്ങളെ എങ്ങനെ പ്രതിരോധിക്കുമെന്നതിനായുള്ള മറുനീക്കങ്ങളെ കുറിച്ച് പാർട്ടി ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്. അധികാരത്തിലേറാൻ സാധിച്ചില്ലെങ്കിലും തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക ശക്തിയായി ഡിഎംകെ തുടരുമെന്നും സ്റ്റാലിൻ പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിലേക്കുള്ള പ്രവർത്തനങ്ങൾക്ക് ഡിഎംകെ തുടക്കമിട്ടിട്ടുണ്ടെന്നും വോട്ടർമാരിലേക്ക് ഫലപ്രദമായ രീതിയിൽ എത്താൻ സാധിക്കുന്ന സോഷ്യൽമീഡിയ സങ്കേതങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പ്രചാരണപദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘നമ്മുടെ പരാജയത്തിൽ നിരവധി പ്രവർത്തകരും ജനങ്ങളും നിരാശരാണെന്ന് കേട്ടു. അത്തരം നിരാശകളൊന്നും വേണ്ടതില്ല. നമ്മൾ ഭരിക്കുന്നില്ലെന്ന് കരുതി നിരാശരാകുകയല്ല വേണ്ടത്. ഡിഎംകെ സർക്കാർ തുടങ്ങിവെച്ച പദ്ധതികളിൽ പലതും ടിവികെ സർക്കാർ നിലനിർത്തിയിട്ടുണ്ട്. നമ്മുടെ പാർട്ടിയുടെ പോളിസികൾ തമിഴ് ജനതയുടെ ക്ഷേമത്തിനായാണ് നിലകൊള്ളുന്നതെന്നതിന് ഇതിൽപ്പരം മറ്റെന്ത് തെളിവാണ് വേണ്ടത്? നിരവധി വിജയങ്ങളും പരാജയങ്ങളും കണ്ട് വളർന്നവരാണ് നാം. ഈ പരാജയത്തിൽ നിന്ന് ഫീനിക്സ് പക്ഷിയെ പോലെ ഡിഎംകെ ഉയർത്തെഴുന്നേൽക്കും’. സ്റ്റാലിൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം അവിശ്വസനീയമായ പ്രകടനം നടത്തി ഒറ്റകക്ഷിയായി ജയിച്ചുകയറുകയായിരുന്നു. കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ, വിസികെ, മുസ്ലിം ലീഗ് അടക്കമുള്ള പാർട്ടികളുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ രൂപീകരിച്ചത്. മുൻ ഡിഎംകെ നേതാവും നിലവിൽ ടിവികെ സ്ഥാനാർഥിയുമായ വി.എസ് ബാബുവിനോടാണ് സ്റ്റാലിൻ പരാജയപ്പെട്ടത്.



