മന്ത്രിസഭ രൂപീകരണം; കോഴിക്കോട് ജില്ലയെ അവഗണിച്ചതില്‍ പ്രതിഷേധം

കോഴിക്കോട്: മന്ത്രിസഭ രൂപീകരണത്തില്‍ കോഴിക്കോട് ജില്ലയെ അവഗണിച്ചതിനെതിരെ പ്രതിഷേധം. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ കരിങ്കൊടിയും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. കോഴിക്കോടിന്റെ അയോഗ്യത എന്തെന്നും, വി ഇ അബ്ദുള്‍ ഗഫൂറിന്റെ മെറിറ്റ് എന്തെന്നും ഉള്ള പോസ്റ്ററുകളാണ് ഉയര്‍ന്നത്.

യുഡിഎഫിന് ചരിത്ര വിജയം സമ്മാനിച്ച കോഴിക്കോട് ജില്ലയെ മന്ത്രിസഭാ രൂപീകരണത്തില്‍ അവഗണിച്ചതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. ലീഗ് ഹൗസിന് മുന്നിലാണ് കരിങ്കൊടിയും നേതൃത്വത്തെ ചോദ്യം ചെയ്യുന്ന പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടത്. കോഴിക്കോടിന്റെ അയോഗ്യത എന്താണെന്നും, ജില്ലയെ തഴയാന്‍ മാത്രം വി ഇ അബ്ദുള്‍ ഗഫൂറിന് എന്ത് യോഗ്യതയെന്നുമാണ് പോസ്റ്ററിലെ ചോദ്യം. കാസര്‍ഗോഡ് ജില്ലയെയും ഒഴിവാക്കിയതിനെതിരെയും പ്രതിഷേധം ശക്തമാണ്.

ലീഗില്‍ നിന്ന് പാറക്കല്‍ അബ്ദുള്ളയും, കോണ്‍ഗ്രസില്‍ നിന്ന് കെ ജയന്തും പരിഗണനയിലുണ്ടായിരുന്നെങ്കിലും അവസാന നിമിഷം പുറത്താവുകയായിരുന്നു. ടേം വ്യവസ്ഥയില്‍ രണ്ടര വര്‍ഷത്തിന് ശേഷമാകും പാറക്കല്‍ അബ്ദുള്ള മന്ത്രിസഭയുടെ ഭാഗമാകുക. 13-ല്‍ 12 സീറ്റും നേടി ജില്ലയില്‍ യുഡിഎഫ് മിന്നും വിജയം സ്വന്തമാക്കിയിട്ടും ഒരു മന്ത്രി പോലും ഇല്ലാത്തതാണ് അണികളില്‍ അമര്‍ഷത്തിന് കാരണമായത്. കഴിഞ്ഞ ദിവസം ഐഎന്‍ടിയുസിയും കോഴിക്കോട്ട് സമാനമായ രീതിയില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *