തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ സർക്കാരിനെതിരെ മുഖ്യമന്ത്രി വിഡി സതീശൻ ഉന്നയിച്ച വിമർശനത്തിന് മറുപടിയുമായി മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. വിഴിഞ്ഞം പദ്ധതിയുടെ റോഡ് കണക്ടിവിറ്റി എൽഡിഎഫ് സർക്കാർ വൈകിപ്പിച്ചു എന്നാണ് വിഡി സതീശൻ ആരോപിച്ചത്. ഇത് വസ്തുതാവിരുദ്ധവും അപഹാസ്യവുമാണെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. മാത്രമല്ല വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള വിലകുറഞ്ഞ രാഷ്ട്രീയ അഭ്യാസമാണിതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. 2022 ൽ വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണത്തിനെതിരെ സമരം നടന്നപ്പോൾ അതിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചത് യുഡിഎഫ് ആണ്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി സമരസ്ഥലം സന്ദർശിച്ച് തുറമുഖ നിർമ്മാണം അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. വിലകുറഞ്ഞ സമ്മർദ്ദങ്ങൾക്കു മുമ്പിൽ കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവെക്കില്ലെന്ന ഉറച്ച നിലപാടെടുത്തത് എൽഡിഎഫ് സർക്കാരാണ്. അന്ന് പദ്ധതി നിർത്തിവെക്കാൻ സമരം ചെയ്തവർ ഇന്ന് എൽഡിഎഫ് സർക്കാർ 99 ശതമാനവും പൂർത്തീകരിച്ച റോഡ് കണക്ടിവിറ്റിയുടെ പേരും പറഞ്ഞ് മുതലെടുപ്പിനു വരുന്നത് അങ്ങേയറ്റം അപഹാസ്യകാരണമെന്ന് പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു,.



