ബെംഗളൂരു: റോഡിൽ കുഴഞ്ഞുവീണ സ്കൂട്ടർ യാത്രികന് സി.പി.ആർ നൽകി ജീവൻ രക്ഷിച്ച് പോലീസ്. വെസ്റ്റ് ബെംഗളൂരുവിൽ നിന്നുള്ള സ്കൂട്ടർ യാത്രികനായ രവി എന്ന മുപ്പത്തിനാലുകാരന്റെ ജീവനാണ് ഹൊയ്സാല പോലീസിന്റെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്താനായത് . ശനിയാഴ്ച മഗാഡി റോഡ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ജോലിക്കു പോകുന്നതിനായി ഇറങ്ങിയതായിരുന്നു രവി. യാത്രാമധ്യേ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും വഴിയരികിൽ വണ്ടിനിർത്തുകയും ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞുവീണു. സമീപത്ത് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സച്ചിദാനന്ദ മൂർത്തിയും കോൺസ്റ്റബിൾ ബസവരാജുവും ഉടൻ തന്നെ സ്ഥലത്തെത്തി സിപിആർ നൽകുകയായിരുന്നു.
സിപിആർ നൽകിയതിനുപിന്നാലെ സമീപത്തുള്ള ആശുപത്രിയിലെത്തിക്കുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പോലീസുകാരുടെ ഇടപെടലിനെ പ്രകീർത്തിച്ച് നിരവധിപേർ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.



