പമ്പ: കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേക്ക് വ്യാപിക്കുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിസ്ഥാനം ആർക്ക് ലഭിക്കും എന്നത് സംബന്ധിച്ച ചർച്ചകൾ സജീവമായിരുന്നു. രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുടെ പേരുകൾക്ക് പുറമെ കെ.സി. വേണുഗോപാൽ എം.പിയുടെ പേരും ഉയർന്നിരുന്നു. മൂന്നുപേർക്ക് വേണ്ടിയും വിവിധയിടങ്ങളിൽ മത്സരിച്ച് ഫ്ലക്സും ബാനറുകളും ഉയർന്നു.
വി.ഡി. സതീശന് വേണ്ടി എരുമേലി പമ്പാവാലിയിൽ പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തി. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തയ്യാറാകണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു. മുൻ പഞ്ചായത്തംഗം അടക്കമുള്ളവർ പ്രകടനത്തിൽ പങ്കെടുത്തു. സതീശനെ പിന്തുണച്ച് കോട്ടയം പ്രസ് ക്ലബ്ബിന് മുമ്പിൽ ഫ്ലക്സും ഉയർന്നു. ‘വി.ഡി. നിലപാടുകളുടെ രാജകുമാരൻ’ എന്ന അടിക്കുറിപ്പോടെയാണ് ഫ്ലക്സ്. തങ്ങളുടെ പ്രതിഷേധം നേതൃത്വത്തിന് നൽകുന്ന മുന്നറിയിപ്പാണെന്നും വി.ഡി. സതീശന് വേണ്ടി രംഗത്തെത്തിയവർ പറഞ്ഞു
