ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും വര്‍ധിപ്പിച്ചു. 9.50 രൂപയാണ് കൂടിയത്. തുടര്‍ച്ചയായ രണ്ട് മാസത്തെ വിലക്കുറവിന് പിന്നാലെയാണ് വർധന. ഇതോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടറിന് 2,747.50 രൂപയായി. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ 9.50 രൂപ മുതല്‍ 11.50 രൂപ വരെയാണ് വില വര്‍ധന. വാണിജ്യ എല്‍പിജി വിലയില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധന കൊല്‍ക്കത്തയിലാണ്. ഇവിടെ 19 കിലോഗ്രാം സിലിണ്ടറിന് 11.50 രൂപ കൂട്ടി 2,884 രൂപയായി.
ഭുവനേശ്വര്‍, ഹൈദരാബാദ്, പട്ന തുടങ്ങിയ നഗരങ്ങളിലും 11 രൂപയിലധികം വര്‍ധന രേഖപ്പെടുത്തി. അതേസമയം, ഡല്‍ഹി, മുംബൈ, ഗുരുഗ്രാം, നോയിഡ, ചണ്ഡിഗഢ്, ലഖ്നൗ തുടങ്ങിയ നഗരങ്ങളില്‍ സിലിണ്ടറിന് 9.50 രൂപയാണ് വര്‍ധിപ്പിച്ചത്. മുംബൈയില്‍ വില 2,701 രൂപയായി.
ചെന്നൈയില്‍ 10.50 രൂപ വര്‍ധിച്ച് 2,916.50 രൂപയുമായി. കേരളത്തിലും വില വര്‍ധിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപ വര്‍ധിച്ച് 2,784 രൂപയായി.
അതേസമയം, വീടുകളില്‍ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ തുടര്‍ച്ചയായ മൂന്നാം മാസവും മാറ്റമില്ല. മാസാരംഭത്തിലെ ഈ വിലവര്‍ധന ഹോട്ടലുകള്‍, ഭക്ഷ്യോത്പ്പന്ന, ഭക്ഷ്യസംസ്കരണ യൂണിറ്റുകള്‍, തട്ടുകടകള്‍, ബേക്കറികള്‍, കുടുംബശ്രീ ഭക്ഷ്യയൂണിറ്റുകള്‍ തുടങ്ങിയവയ്ക്ക് തിരിച്ചടിയാകും. നേരത്തെ തുടര്‍ച്ചയായ വില വര്‍ധനയുണ്ടായപ്പോള്‍ ഹോട്ടല്‍ ഭക്ഷണത്തിന് വില ഉയര്‍ന്നിരുന്നു.



