സനാ: യെമനിൽ വീണ്ടും യുദ്ധമുന്നണി സജീവമാകുന്നു.
ഹൂതി വിമതർക്കെതിരെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ശക്തമായ സൈനിക നടപടി ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.ബാബ് അൽ മന്ദബ് കടലിടുക്കിന് സമീപമുള്ള തന്ത്രപ്രധാന മേഖലകളിൽ നിന്ന് ഹൂതി സേനയെ പിന്തിരിപ്പിച്ച് ദുബാബ്, ബാബ്, ഹമീദ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ തിരിച്ചുപിടിച്ചതായി യെമൻ ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.സൗദി അറേബ്യയ്ക്കൊപ്പം തുർക്കിയും പാകിസ്താനും സൈനിക നീക്കത്തിൽ പങ്കാളികളായതായാണ് റിപ്പോർട്ട്. റിയാദിൽ നടന്ന ത്രിരാഷ്ട്ര ചർച്ചകൾക്ക് ശേഷമാണ് സംയുക്ത നടപടിക്ക് തീരുമാനമായത്. ഓഗസ്റ്റിൽ രൂപീകരിച്ച സൈനിക സഖ്യത്തിന് ശേഷമുള്ള പ്രധാന നീക്കമാണിതെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഹൂതികളുടെ നിരവധി കേന്ദ്രങ്ങൾ തകർത്തതായും നൂറോളം യുദ്ധവിമാനങ്ങൾ ഓപ്പറേഷന് പിന്തുണ നൽകുന്നതായും സഖ്യസേന അവകാശപ്പെട്ടു. ബാബ് അൽ മന്ദബ് മേഖലയിൽ വ്യോമപ്രതിരോധം ശക്തമാക്കിയ ശേഷമാണ് കരനീക്കവും ആരംഭിച്ചത്.ഇതിനിടെ, യെമൻ സർക്കാരിന് ഹൂതികൾക്കെതിരെ തിരിച്ചടിച്ച് നഷ്ടപ്പെട്ട പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ അവകാശമുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചു.
സൈനിക നടപടിക്ക് മുമ്പ് സഖ്യസേനയ്ക്ക് രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറിയതായും റിപ്പോർട്ടുകളുണ്ട്.തന്ത്രപ്രധാനമായ തുർബാഹ് പട്ടണം ഹൂതികൾ പിടിച്ചെടുത്തതിന് പിന്നാലെയാണ് സഖ്യസേനയുടെ പുതിയ നീക്കം. തായിസ് നഗരത്തിലേക്കുള്ള സമ്മർദം വർധിപ്പിക്കാനുള്ള ഹൂതികളുടെ നീക്കത്തിന് തടയിടുകയാണ് സഖ്യസേനയുടെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ.ഏറ്റവും പ്രധാനപ്പെട്ട കാര്യം ബാബ് അൽ മന്ദബ് കടലിടുക്കിന്റെ തന്ത്രപ്രധാന സ്ഥാനമാണ്. ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ഈ കടലിടുക്ക് ആഗോള കപ്പൽ ഗതാഗതത്തിന് നിർണായകമാണ്.അതുകൊണ്ടുതന്നെ യെമനിലെ പുതിയ സൈനിക നീക്കം പ്രാദേശിക സംഘർഷത്തിനപ്പുറം ആഗോള വ്യാപാരത്തെയും കടൽ ഗതാഗതത്തെയും ബാധിക്കാവുന്ന നിർണായക സംഭവമായി മാറുകയാണ്.



