ഡൽഹി : രാഷ്ട്രീയ പ്രവർത്തനം തുടങ്ങി രണ്ട് വർഷം കഴിയുമ്പോഴേക്കും കന്നി നിയമസഭാ തിരഞ്ഞെടുപ്പും ജയിച്ച് മുഖ്യമന്ത്രിയായി ഞെട്ടിച്ച നേതാവാണ് നടൻ വിജയ്. അതിനുമപ്പുറം അടുത്ത പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിട്ട് പോലും പാർട്ടി നേതാക്കളും അണികളും വിജയെ ഉയർത്തി കാണിക്കുന്നുണ്ട്. അടുത്ത പ്രധാനമന്ത്രി ആരാകണം എന്ന ചോദ്യത്തിന് ആദ്യ മൂന്ന് പേരിൽ ഇടം പിടിച്ചിരിക്കുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായ വിജയ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും പിന്നിലായിട്ടാണ് മൂന്നാമനായി വിജയ് ഇടം നേടിയിരിക്കുന്നത്. സർവ്വേയിൽ പങ്കെടുത്ത 48.7 ശതമാനം പേരും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി തന്നെ തുടരണം എന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ജനുവരിയിൽ നടത്തിയ മൂഡ് ഓഫ് ദി നാഷൻ സർവ്വേയിൽ 55 ശതമാനം പേരായിരുന്നു മോദിയെ പിന്തുണച്ചിരുന്നത്. ആഗസ്റ്റിലേക്ക് എത്തുമ്പോൾ പിന്തുണയിൽ 6 ശതമാനം ആണ് കുറവ് വന്നിരിക്കുന്നത്. 2024 ആഗസ്റ്റിൽ നടത്തിയ മൂഡ് ഓഫ് ദി നാഷൻ സർവ്വേയ്ക്ക് ശേഷം ഇതാദ്യമായാണ് മോദിയുടെ പിന്തുണ 50 ശതമാനത്തിൽ താഴേക്ക് പോകുന്നത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെന്ന ചോദ്യത്തിന് രണ്ടാമത് എത്തിയ രാഹുൽ ഗാന്ധിക്ക് ലഭിച്ചിരിക്കുന്നത് 27.1 ശതമാനം പേരുടെ പിന്തുണയാണ്. ജനുവരിയിലെ സർവ്വേയിൽ നിന്നും വലിയ വ്യത്യാസമൊന്നും രാഹുൽ ഗാന്ധിയുടെ ജനപ്രീതിയിൽ വന്നിട്ടില്ലെന്നാണ് ഈ സർവ്വേ ഫലം സൂചിപ്പിക്കുന്നത്. ജനുവരിയിൽ രാഹുലിന് ലഭിച്ച പിന്തുണ 27 ശതമാനം ആയിരുന്നു.
പ്രധാനമന്ത്രി പട്ടികയിലേക്ക് സർപ്രൈസ് എൻട്രി നടത്തിയിരിക്കുകയാണ് വിജയ്. മുഖ്യമന്ത്രിയായി തന്നെ മാസങ്ങളുടെ മാത്രം ഭരണപരിചയമുളള ടിവികെ തലവൻ അടുത്ത പ്രധാനമന്ത്രിയാകണം എന്ന് ആഗ്രഹിക്കുന്നത് 9.2 ശതമാനം പേരാണ്. മൂന്നരമാസം മാത്രമേ ആയിട്ടുളളൂ അധികാരത്തിലെത്തിയിട്ടെങ്കിലും പാൻ ഇന്ത്യ തലത്തിൽ വിജയ് എന്ന മുഖ്യമന്ത്രി ഇതിനകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.



