ദുബൈ: യുഎഇയിൽ കടൽ പ്രക്ഷുബ്ധമാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒമാൻ ഉൾക്കടലിന്റെ തീരങ്ങളിൽ തിരമാലകൾ 7 അടി വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഉയർന്ന താപനിലയും പൊടിക്കാറ്റും തുടരുമെന്നും മുന്നറിയിപ്പുണ്ട്. പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും, ഉച്ചയോടുകൂടി ശക്തമായ കാറ്റിനും കടുത്ത ചൂടിനും സാധ്യതയുണ്ടെന്നുമാണ് അറിയിപ്പ്.
രാജ്യത്ത് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ തെക്ക് പടിഞ്ഞാറൻ, വടക്ക് പടിഞ്ഞാറൻ ദിശകളിൽ നിന്ന് നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെ ഉയർന്നേക്കാം.
