സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ പരക്കെ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ പരക്കെ മഴയ്ക്ക് സാധ്യത. 6 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അല‍ർട്ട്. കണ്ണൂരും കാസർകോടും നാളെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ചൊവ്വാഴ്ച കോഴിക്കോടും കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ടാണ്. വരും ദിവസങ്ങളിൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

കനത്ത മഴയുള്ളപ്പോൾ, പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ മലയോര മേഖലകളിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക. പുഴകൾ, തോടുകൾ, മറ്റ് ജലാശയങ്ങൾ എന്നിവയിൽ വെള്ളപ്പൊക്കത്തിനും അപ്രതീക്ഷിത കുത്തൊഴുക്കിനും സാധ്യതയുള്ളതിനാൽ ഇറങ്ങാനോ കുളിക്കാനോ പാടില്ല.വെള്ളക്കെട്ടുള്ള അടിപ്പാതകളിലൂടെയോ ഒഴുക്കുള്ള ചെറിയ പാലങ്ങളിലൂടെയോ വാഹനങ്ങൾ ഓടിക്കാൻ ശ്രമിക്കരുത്. മുൻപ് ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളിലും മണ്ണിടിച്ചിൽ സാധ്യതയുള്ള മലഞ്ചെരുവുകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കുക. അധികൃതർ നിർദ്ദേശം നൽകുകയാണെങ്കിൽ സുരക്ഷിതമായ ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറിത്താമസിക്കാൻ മടിക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *