മക്ക: മക്കയിലെ അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സര ജേതാക്കളെ ഇന്ന് പ്രഖ്യാപിക്കും. മക്ക ഹറമിൽ ഇസ്ലാമിക കാര്യ മന്ത്രാലയത്തിന് കീഴിലാണ് ചടങ്ങ്. അഞ്ച് വിഭാഗങ്ങളിലായി 50 വിജയികൾക്ക് ഒരു കോടി റിയാലാണ് സമ്മാനിക്കുക. മലയാളി പെൺകുട്ടികളടക്കം ഇന്ത്യക്കാരും മത്സരത്തിൽ പങ്കെടുത്തിരുന്നു. കിങ് അബ്ദുൽ അസീസ് രാജാവിന്റെ പേരിലുള്ളതാണ് അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരം. അതിന്റെ വിജയികളെയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്.
മക്ക ഹറമിലാണ് ചടങ്ങുകൾ. 133 രാജ്യങ്ങളിൽ നിന്നാണ് പ്രാതിനിധികൾ എത്തിയിരിക്കുന്നത്. മത്സരത്തിൽ 334 പേരാണ് സമാപന റൗണ്ടിൽ പങ്കെടുത്തത്. ഇന്ത്യയിൽ നിന്നും മലയാളികളടക്കം ഇതിന്റെ ഭാഗമായിരുന്നു. അഞ്ച് വിഭാഗങ്ങളിലായിരുന്നു മത്സരം. ഓരോ വിഭാഗത്തിലും സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരുന്നു. ഇതിൽ ആകെ 50 വിജയികൾക്കാണ് സമ്മാനം നൽകുക. ഒരുകോടി സൗദി റിയാലാണ് സമ്മാനത്തുക. ഇസ്ലാമിക കാര്യ മന്ത്രാലയമാണ് സംഘാടകർ. സമാപന ചടങ്ങിൽ സൽമാൻ രാജാവിന്റെ ഭാര്യയും രാജകുടുംബാംഗങ്ങളും മന്ത്രിമാരും പങ്കെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.



