തിരുവനന്തപുരം : പ്രവാസികൾ നേരിടുന്ന പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങൾ ഉന്നയിച്ച് റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം സമർപ്പിച്ചു. പ്രസിഡൻറ് സിദ്ദീഖ് കല്ലൂപ്പറമ്പിന്റെ നേതൃത്വത്തിലാണ് നിവേദനം കൈമാറിയത്. നിലവിലെ നോർക്ക ക്ഷേമ-പെൻഷൻ പദ്ധതികളിൽ അംഗങ്ങളാകാൻ കഴിയാതെ പോയ, 60 വയസ്സ് കഴിഞ്ഞ അർഹരായ പ്രവാസികൾക്കായി പ്രത്യേക സഹായ പാക്കേജോ ക്ഷേമപദ്ധതിയോ അനുവദിക്കണമെന്ന് നിവേദനത്തിൽ അഭ്യർത്ഥിച്ചു. വർഷങ്ങളോളം വിദേശത്ത് ജോലി ചെയ്തിട്ടും ഇത്തരം പദ്ധതികളിൽ അംഗത്വം ലഭിക്കാത്ത നിരവധി മുതിർന്ന പ്രവാസികൾ ഉണ്ടെന്ന വിഷയം ശ്രദ്ധയിൽപ്പെടുത്തിയാണ് ഇതിനായി സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടത്. കൂടാതെ പെരുന്നാൾ, ഓണം, അവധിക്കാലം തുടങ്ങിയ സീസണുകളിൽ പ്രവാസികളെ വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുന്ന വിമാന ടിക്കറ്റ് നിരക്ക് വർധനക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യമുന്നയിച്ചു.



