ഇന്ദ്രജിത്തിന്റെ കരിയറിലെ ശ്രദ്ധേയ ചിത്രമായ ‘നായകൻ’ വീണ്ടും തിയറ്ററുകളിലേക്ക്! ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആദ്യ സംവിധാന സംരംഭമായ ചിത്രത്തിന്റെ പുതിയ ട്രെയിലർ പുറത്തിറങ്ങി. ഡാർക്ക് മൂഡും സ്റ്റൈലിഷ് ഫ്രെയിമുകളും ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവുമാണ് ട്രെയിലറിന്റെ പ്രധാന ആകർഷണങ്ങൾ. 2010ൽ പുറത്തിറങ്ങിയ ചിത്രം പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് 4K ദൃശ്യ മികവിലും ഡോൾബി അറ്റ്‌മോസ് ശബ്ദ സാങ്കേതികവിദ്യയിലും വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. കുടുംബത്തെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാനിറങ്ങുന്ന വരദനുണ്ണി എന്ന കഥകളി കലാകാരനായാണ് ഇന്ദ്രജിത്ത് ചിത്രത്തിലെത്തുന്നത്.
തിലകൻ, ജഗതി ശ്രീകുമാർ, സിദ്ദിഖ് തുടങ്ങി വൻ താരനിരയും ചിത്രത്തിലുണ്ട്. പ്രശാന്ത് പിള്ളയുടെ സംഗീതവും ചിത്രത്തിന്റെ പ്രത്യേകതയാണ്. ഒക്ടോബർ 30ന് ചിത്രം വീണ്ടും തിയറ്ററുകളിലെത്തും. റിലീസ് സമയത്ത് വേണ്ടത്ര വിജയം നേടാനാകാതിരുന്ന ചിത്രം ഇന്ന് വീണ്ടും ചർച്ചയാകുകയാണ്. പഴയ സിനിമകൾക്ക് പുതിയ ദൃശ്യാനുഭവം നൽകുന്ന റീറിലീസ് ട്രെൻഡിനൊപ്പം ‘നായകനും’ എത്തുന്നു. എൽജെപിയുടെ ആദ്യകാല സിനിമാറ്റിക് ശൈലി ബിഗ് സ്ക്രീനിൽ വീണ്ടും ആസ്വദിക്കാൻ ആരാധകർക്ക് അവസരം ലഭിക്കുകയാണ്. ഇന്ദ്രജിത്തിന്റെ ശക്തമായ പ്രകടനം വീണ്ടും കാണാൻ സിനിമാപ്രേമികൾ കാത്തിരിക്കുകയാണ്.



