പത്തനംതിട്ടയിൽ അവധിക്കാല ക്ലാസുകൾക്ക് നിരോധനം

പത്തനംതിട്ട: പത്തനംതിട്ടയിൽ ഉഷ്ണ തരംഗ സാധ്യതയുള്ളതിനാൽ ജില്ലയിലെ അവധിക്കാല ക്ലാസുകൾ നിരോധിച്ച് ഉത്തരവ്. ജില്ലാ കളക്ടർ ആണ് ഉത്തരവ് ഇറക്കിയത്. എല്ലാ സ്കൂളുകളിലെയും ട്യൂഷൻ സെൻററുകളിലെയും വേനൽക്കാല അവധിക്കാല ക്ലാസുകളും നിരോധിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. നിലവിൽ 12 ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാം. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരത്ത് 36ഡിഗ്രി സെൽഷ്യസ് വരെയും ഉയരാം. ഈ മാസം 24 വരെ കനത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ കിട്ടിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *