തിരുവനന്തപുരം: ബിജെപി മഹിളാ മോർച്ച പ്രവർത്തകരുടെ നേതൃത്വത്തിൽ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസിനെതിരെ മുദ്രാവാക്യം വിളിച്ച് തിരുവനന്തപുരം കൗൺസിലറും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ. വട്ടിയൂർക്കാവിലുണ്ടായ ബിജെപി സിപിഎം സംഘർഷത്തിന് പിന്നാലെ ആയിരുന്നു പൊലീസിനെതിരായ പ്രതിഷേധം.
‘പോടാ പുല്ലേ പോലീസേ, കാക്കിയിട്ടൊരു ഗുണ്ടകളെ , കാക്കിയിട്ട തെമ്മാടികളേ, പിണറായിയുടെ തെമ്മാടികളേ’ എന്നിങ്ങനെ നീളുന്നു മുദ്രാവാക്യം . ഇത് ശ്രീലേഖയും ഏറ്റുപിടിച്ചു . കേരളാ പോലീസിന്റെ ചരിത്രത്തിൽ തന്നെ ആദ്യത്തെ വനിതാ ഡിജിപിയായിരുന്ന ആർ. ശ്രീലേഖ. വിരമിച്ച ശേഷം ബിജെപിയിൽ ചേർന്ന് പ്രവർത്തനം നടത്തുകയായിരുന്നു. തന്റെ മുൻ സഹപ്രവർത്തകർക്കെതിരെ തന്നെ തെരുവിൽ മുദ്രാവാക്യം വിളിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം സാക്ഷിയായത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ മണ്ണറക്കോണത്ത് നിന്നാണ് പ്രതിഷേധ പ്രകടനം ആരംഭിച്ചത്. അതേസമയം ഇവരെ നേരിടാൻ ജലപീരങ്കിയും ഇരുമ്പു ബാരിക്കേഡുമായി വലിയൊരു പോലീസ് സംഘം തന്നെ സജ്ജമായിരുന്നു. നാലുമണിയോടെ പ്ലീസ് സ്റ്റേഷനിലെ പ്രധാന കവാടം അടച്ചിരുന്നു.
മഴ നനഞ്ഞെത്തിയ മഹിളാമോർച്ച പ്രവർത്തകർ ഇരുമ്പുവേലിക്കു മുകളിൽക്കയറി പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെ പോലീസുമായി ഉന്തും തള്ളും വാക്കു തർക്കവുമുണ്ടായി. പുരുഷ പോലീസുകാർ വനിതകളെ നേരിട്ടതോടെ മഹിളാ മോർച്ച പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. അതോടെ ജലപീരങ്കി പ്രയോഗവും ഉണ്ടായി. പല സ്ത്രീകളും തളർന്നു വീണു. ആറ് വനിതകളെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നിട്ടും പ്രതിഷേധം തുടർന്നു. ഇതിനിടെയും ജലപീരങ്കി പ്രയോഗം നടന്നു. പലരും തളർന്നുവീണു. തുടർന്ന് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് പ്രവർത്തകർ സ്ഥലത്തുനിന്നും പിരിഞ്ഞുപോയത്.
