ടെഹ്‌റാൻ: ഹോർമുസിൽ വീണ്ടും ചരക്കുകപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണം. ബുധനാഴ്ചയാണ് ചരക്കുകപ്പലിനു നേരെ ഇറാന്റെ സായുധ വിഭാഗമായ ഐആർജിസി വെടിയുതിർത്തത്. വെടിവെപ്പിൽ കപ്പലിന് കേടുപാടുണ്ടായെങ്കിലും ആളപായമോ മറ്റു നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഇറാന്റെ ഗൺബോട്ടുകളിൽ നിന്നാണ് കപ്പലിന് നേരെ വെടിവെപ്പുണ്ടായതെന്നാണ് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചത്. യാതൊരുവിധത്തിലുള്ള മുന്നറിയിപ്പും ഇല്ലാതെയാണ് ഗൺബോട്ടുകളിൽനിന്നും വെടിയുതിർത്തതെന്നും യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. എന്നാൽ ഏതു രാജ്യത്തിൻറെ കപ്പലാണ് ആക്രമിക്കപ്പെട്ടതെന്ന് ഇതുവരെയും വ്യക്തമല്ല. സംഭവത്തിൽ ഇറാനും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചതിനു പിന്നാലെയാണ് ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെ ആക്രമണമുണ്ടായതെന്ന് റിപ്പോർട്ടുകൾ വിശദമാക്കി.
