സലാലയിലെ സുൽത്താൻ ഖാബൂസ് ഹോസ്പിറ്റൽ നിർമ്മാണം അന്തിമ ഘട്ടത്തിലേക്ക്

സലാല: സലാലയിലെ സുൽത്താൻ ഖാബൂസ് ഹോസ്പിറ്റൽ നിർമാണം അന്തിമ ഘട്ടത്തിലേക്ക്. 90 ശതമാനം പൂർത്തിയായി. 2026-ന്റെ അവസാന പാദത്തിൽ ആശുപത്രി പ്രവർത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോ​ഗ്യ മന്ത്രാലയത്തിലെ പ്രൊജക്ട്സ് ആൻഡ് എഞ്ചിനീയറിംഗ് സർവീസസ് ഡയറക്ടർ ജനറൽ യൂസഫ് ബിൻ യാക്കൂബ് അംബു അലി വ്യക്തമാക്കി. ഒമാനിൽ നിലവിൽ നിർമാണത്തിലിരിക്കുന്ന ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണിത്. 1,00,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ, ഏഴ് നിലകളിലായാണ് ആശുപത്രി നിർമിക്കുന്നത്. 3,238 മുറികളും 700 ബെഡുകളും ആശുപത്രിയിൽ ഉണ്ടാകും.

എമർജൻസി കെയർ, മെഡിക്കൽ ഇമേജിംഗ്, കീമോതെറാപ്പി, ഡയാലിസിസ്, പൊള്ളലേറ്റവർക്കുള്ള തീവ്രപരിചരണ വിഭാഗം, റീഹാബിലിറ്റേഷൻ, എന്നീ ‍ഡിപ്പാർട്ട്മെന്റുകൾ ആശുപത്രിയിൽ പ്രവർത്തിക്കും. കൂടാതെ മുതിർന്നവർ, കുട്ടികൾ, നവജാതശിശുക്കൾ എന്നിവർക്കായി പ്രത്യേക തീവ്ര പരിചരണ വിഭാ​ഗവും വിദ്യാഭ്യാസ സേവന കേന്ദ്രങ്ങളും സജ്ജമാക്കും.

ദോഫാറിലെ മറ്റ് നിരവധി ആശുപത്രികളുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും വികസന പ്രവർത്തനങ്ങളും ഇതിനൊപ്പം പുരോഗമിക്കുന്നുണ്ട്. തുംറൈത്തിലെ നിലവിലെ ഹെൽത്ത് സെന്റർ വികസിപ്പിച്ച് ആശുപത്രിയാക്കി മാറ്റുന്ന പ്രവർത്തനങ്ങൾ 95 ശതമാനം പൂർത്തിയായി. പുതിയ ആശുപത്രിയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള പ്രത്യേക വാർഡുകൾ, ഐസൊലേഷൻ റൂമുകൾ, ഡയാലിസിസ് യൂണിറ്റ്, മറ്റ് അഡ്മിനിസ്ട്രേറ്റീവ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. തുംറൈത്തിൽ തന്നെ നിർമിക്കുന്ന മദി ഹെൽത്ത് സെന്ററിന്റെ നിർമാണവും 90 ശതമാനം പൂർത്തിയായിക്കഴിഞ്ഞു. ഈ വർഷം മൂന്നാം പാദത്തിൽ കേന്ദ്രം പൂർണമായി പ്രവർത്തനസജ്ജമാകും. പുതിയ ആരോഗ്യ കേന്ദ്രത്തിൽ 12 ജനറൽ ക്ലിനിക്കുകൾ, ഡെന്റൽ ക്ലിനിക്, റേഡിയോളജി-ഫിസിയോതെറാപ്പി യൂണിറ്റുകൾ, ലബോറട്ടറികൾ, ഫാർമസി, ആരോഗ്യ വിദ്യാഭ്യാസ വിഭാഗം, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *