ആലപ്പുഴ: കരുവാറ്റയിലെ കൊലപാതക കേസില്‍ കുടൂതല്‍ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടിക്ക് മരിച്ച ശിവന്‍കുട്ടിയോട് കടുത്ത പകയുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. പെണ്‍കുട്ടി കഴിഞ്ഞ ദിവസം വീട്ടില്‍ മോഷണശ്രമം നടത്തിയിരുന്നു. ഇത് ശിവന്‍കുട്ടി കാണുകയും വീട്ടില്‍ ഇതിനെ ചൊല്ലി വഴക്കുണ്ടാവുകയും ചെയ്തു. കുട്ടിയെ കള്ളി എന്ന് വിളിച്ചത് വിദ്വേഷം വര്‍ധിപ്പിച്ചു. അന്ന് രാത്രി തന്നെ കൊലപ്പെടുത്തണമെന്ന് ആണ് സുഹൃത്തുത്തിനോട് പറഞ്ഞതായി പൊലീസ് കണ്ടെത്തി. അന്ന് രാത്രി തന്നെ നടന്നെന്ന് പെണ്‍കുട്ടി പറയുന്ന ബാഡ് ടച്ച് ആരോപണവും ശാസ്ത്രീയമായി പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്യാന്‍ ക്ലിനിക്കില്‍ സൈക്കോളജിസ്റ്റ് ഉള്‍പ്പെടുന്ന മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്നും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് വ്യക്തമാക്കി. പിടിയിലായ നാല് കുട്ടികളുടെയും കസ്റ്റഡി ആവശ്യപ്പെട്ട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ അന്വേഷണ സംഘം അപേക്ഷ നല്‍കിയിട്ടുണ്ട്. അതിനിടെ മരിച്ച ശിവന്‍കുട്ടിയുടെ ശവസംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും.
അതേസമയം, കൊലപാതകം പെണ്‍കുട്ടിയുടെ അച്ഛന്റെ പേരിലേക്ക് മാറ്റാനും പ്രതികള്‍ ശ്രമിച്ചു. അച്ഛനും ശിവന്‍കുട്ടിയുമായി ശത്രുതയുണ്ടെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ വയറ്റില്‍ മുഴ ഉണ്ടായിരുന്നു എന്നും അത് ചികിത്സിക്കാന്‍ പണം നല്‍കാനാണ് ഹരിപ്പാട് എത്തിയതെന്നും പ്രതികളുടെ മൊഴി നല്കി. ശാസ്ത്രീയ തെളിവുകള്‍ നിരത്തിയാണ് പൊലീസ് കുട്ടികളുടെ വാദം പൊളിച്ചത്.
കൊലപാതകം നടക്കുമ്പോള്‍ പെണ്‍കുട്ടി എവിടെയായിരുന്നു എന്നത് ദുരൂഹമായി തുടരുകയാണ്. എന്നാല്‍ പെണ്‍കുട്ടി കരുവാറ്റയില്‍ നിന്ന് പോയിട്ടില്ലെന്നും പൊലീസ് കണ്ടെത്തിയിരുന്നു. പെണ്‍കുട്ടി കൊല്ലത്ത് താമസിച്ചിരുന്ന സമയത്തും അയല്‍വാസികളുമായി അധികം ബന്ധം പുലര്‍ത്തിയില്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. പെണ്‍കുട്ടി മാന്യമായാണ് പെരുമാറിയതെന്നും അയല്‍വാസികള്‍ പറയുന്നു. കരുവാറ്റയിലെ കൊലപാതം ചെയ്തത് കുട്ടികളാണെന്ന് വീട്ടുകാര്‍ അറിയുന്നത് പൊലീസ് എത്തിയപ്പോഴാണ്. ആദ്യം വീട്ടുകാര്‍ വിശ്വസിച്ചില്ലെങ്കിലും പിന്നീട് പൊലീസ് വീട്ടുകാര്‍ക്ക് മുന്നില്‍ തെളിവുകള്‍ നിരത്തുകയായിരുന്നു.
കുട്ടികള്‍ പൊലീസിനെ കണ്ടപ്പോള്‍ നിന്നത് ഒരു ഭാവവ്യത്യാസവും ഇല്ലാതെയായിരുന്നു. കുട്ടികള്‍ സ്ഥിരമായി യാത്ര പോകുന്ന സ്വഭാവം ഉള്ളവരാണെന്നും അറസ്റ്റിലായ മൂന്നു പരവൂര്‍ സ്വദേശികളും പിന്നോക്കം സാമ്പത്തിക പശ്ചാത്തലമുള്ള കുടുംബത്തിലെ അംഗങ്ങളുമാണ്. ഇവരുടെ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലം ഇതുവരെയുള്ള പൊലീസ് അന്വേഷണത്തില്‍ കണ്ടെത്താനായില്ല.
അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഒരു പ്രൊഫഷണല്‍ കൊലപാതകിയല്ല ഇതിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. വീട്ടിനുള്ളിലെ ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയം നിലനില്‍ക്കേയാണ് എട്ടാം ക്ലാസുകാരിയാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് മനസിലാക്കിയത്. 67 വയസുള്ള ശിവന്‍കുട്ടിയുടെ മൃതദേഹം വിവസ്ത്രനായ നിലയിലാണ് കണ്ടെത്തിയത്. കൈകളും കാലുകളും ബന്ധിച്ചിരുന്നു. വീട്ടിനുള്ളിലാകെ മുളകുപൊടി വിതറിയിരുന്നു. വീട്ടില്‍ നിന്നും ആറു പവന് സ്വര്‍ണമാണ് മോഷണം പോയത്. കൂട്ടുപ്രതികള്‍ പെണ്‍കുട്ടിയുടെ കൂടെ പഠിച്ചവരും പരിചയക്കാരുമാണ്.



