സംസ്ഥാനത്തെ ഡോക്ടർമാരുടെ മിനിമം ശമ്പളം 80000 രൂപയാക്കണമെന്ന് ഐഎംഎ

കൊച്ചി: സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാരുടെ തൊഴിലില്ലായ്മയിലും കുറഞ്ഞ ശമ്പളത്തിലും ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കൊച്ചിയിൽ ചേർന്ന ഐ.എം.എ. സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഈ വിഷയത്തിൽ നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടു. എം.ബി.ബി.എസ്. ഡോക്ടർമാർക്ക് ആഴ്ചയിൽ 48 മണിക്കൂർ ജോലി ചെയ്യുന്നതിന് പ്രതിമാസം കുറഞ്ഞത് 80,000 രൂപയെങ്കിലും ശമ്പളം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് സംഘടന ആവശ്യപ്പെട്ടു.

ഡോക്ടർമാരുടെ മിനിമം വേതനത്തെക്കുറിച്ച് പഠിക്കാൻ കഴിഞ്ഞ സംസ്ഥാന സമിതി നിശ്ചയിച്ച കമ്മിറ്റി തങ്ങളുടെ റിപ്പോർട്ട് യോഗത്തിൽ സമർപ്പിച്ചു. നാലായിരത്തോളം ഡോക്ടർമാർ പങ്കെടുത്ത പഠനത്തിൽ അതീവ ആശങ്കയുണർത്തുന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സംസ്ഥാനത്തെ 82 ശതമാനം ഡോക്ടർമാർക്കും മാന്യമായ ശമ്പളം ലഭിക്കുന്നില്ല. പ്രതിമാസം 30,000 രൂപയ്ക്ക് താഴെ ശമ്പളത്തിൽ ജോലി ചെയ്യുന്ന നിരവധി ഡോക്ടർമാർ കേരളത്തിലുണ്ട്. കുറഞ്ഞ ശമ്പളവും തൊഴിലില്ലായ്മയും കാരണം 70 ശതമാനം ഡോക്ടർമാരും കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും ജോലി തേടി പോകാൻ ആഗ്രഹിക്കുന്നു.

ജൂനിയർ ഡോക്ടർമാരിൽ 81 ശതമാനം പേരും നിർബന്ധിത ബോണ്ട് സർവീസിൽ പെട്ടവരാണ്. വിദേശത്ത് നിന്ന് പഠനം പൂർത്തിയാക്കി കേരളത്തിലെത്തിയ ഡോക്ടർമാരുടെ അവസ്ഥയും ദയനീയമാണ്. ഇവർക്ക് സ്റ്റൈപൻഡ് പോലും ലഭിക്കുന്നില്ല. ഇന്റേൺഷിപ്പ് കഴിഞ്ഞാൽ ഇവരെ രണ്ടാം തട്ടുകാരായി കണ്ട് വിവേചനത്തോടെയാണ് ശമ്പളം നൽകുന്നത്. സ്പെഷ്യലിസ്റ്റുകൾക്കും സൂപ്പർ സ്പെഷ്യലിസ്റ്റുകൾക്കും പോലും കേരളത്തിൽ ന്യായമായ ശമ്പളം ലഭിക്കുന്നില്ലെന്നും ശമ്പളവും സ്റ്റൈപൻഡും കൃത്യസമയത്ത് വിതരണം ചെയ്യുന്നില്ലെന്നും ഐ എം എ. കുറ്റപ്പെടുത്തി. അധിക ജോലിക്ക് കൂടുതൽ ശമ്പളം നൽകുക, കൃത്യസമയത്ത് വേതനം ലഭ്യമാക്കുക, തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് സംഘടന മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *