നെടുമ്പാശ്ശേരി അപകടം: 19-കാരന് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക്കാൻ നിർദേശം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടത്തിൽ മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ, 19-കാരന് നിയമവിരുദ്ധമായി മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക്കാൻ നിർദേശം നൽകി എക്സൈസ് മന്ത്രി എം. ലിജു. അപകടത്തിൽ കാർ ഓടിച്ചിരുന്ന സുഹൈൽ സജീവ് വിവിധ ബാറുകളിൽനിന്ന് മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. എക്സൈസ് കമ്മീഷണർക്കും എറണാകുളം ജോയിന്റ് എക്സൈസ് കമ്മീഷണർക്കുമാണ് മന്ത്രി നിർദേശം നൽകിയത്.

കേരളത്തിലെ നിയമപ്രകാരം മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 23 വയസ്സാണ്. ഈ പ്രായപരിധി പാലിക്കാതെ സുഹൈലിന് മദ്യം നൽകിയ ബാറുകൾ കണ്ടെത്തി നിയമനടപടി സ്വീകരിക്കാനാണ് നിർദേശം.

പുലർച്ചെ 2മണിയോടെയാണ് സുഹൈൽ സജീവ് ഓടിച്ച മിനി കൂപ്പർ കാർ സ്കൂട്ടറിൽ ഇടിച്ച് അപകടമുണ്ടായത്. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടകയിലെ സുള്ള്യ സ്വദേശി ഇയാസ് എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടവുമായി ബന്ധപ്പെട്ട് സുഹൈൽ സജീവ് പൊലീസ് കസ്റ്റഡിയിലാണ്. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.

നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രയ്ക്കിടെ സുഹൈൽ മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചിരുന്നതായാണ് റിപ്പോർട്ട്. മദ്യപിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതായും വിവരമുണ്ട്. വിമാനത്താവളത്തിൽനിന്ന് സുഹൃത്തിനെ കൂട്ടിക്കൊണ്ടുപോകാനാണ് ഇയാൾ എത്തിയതെന്നാണ് വിവരം. സുഹൃത്തിന്റെ വിമാനം പുലർച്ചെ 2.40ന് എത്തേണ്ടിയിരുന്നതിനാൽ അതിനുമുമ്പ് വീണ്ടും ബാറുകളിൽ കയറി മദ്യപിച്ചെന്നാണ് റിപ്പോർട്ടുകൾ. മദ്യലഹരിയിലാണ് സുഹൈൽ വാഹനമോടിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

അപകടത്തിൽ മരിച്ച മൂന്ന് പേരും തൃക്കാക്കരയിലെ ഒരു കരകൗശല വിൽപ്പനശാലയിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന വിദ്യാർഥികളാണ്. സ്ഥാപനത്തിലെ സഹപ്രവർത്തകർക്കൊപ്പം രാത്രി ചായ കുടിച്ചശേഷം മടങ്ങുന്നതിനിടെയാണ് ഇവർ അപകടത്തിൽപ്പെട്ടത്.

അതേസമയം, അപകടവുമായി ബന്ധപ്പെട്ട് കർശന നടപടി സ്വീകരിക്കാൻ ഗതാഗത മന്ത്രി സി. പി. ജോണും നിർദേശം നൽകിയിട്ടുണ്ട്. സുഹൈൽ ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ലഹരിമരുന്ന് ഉപയോഗിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. പരിശോധനയുടെ ഭാഗമായി രക്തസാമ്പിൾ ശേഖരിച്ചിട്ടുണ്ട്.

അപകടത്തിന്റെ സാഹചര്യങ്ങളും മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളും പൊലീസ്, എക്സൈസ് വിഭാഗങ്ങളുടെ അന്വേഷണത്തിൽ വ്യക്തമാകും.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News