രാജ്യത്ത് വൈദ്യുതി ആവശ്യകത കുതിച്ചുയരുന്നതിനിടെ താപവൈദ്യുത നിലയങ്ങളിലെ കൽക്കരി ശേഖരം കുറയുന്നത് ആശങ്കയാകുന്നു. സെപ്റ്റംബറിൽ ഇന്ത്യയിലെ വൈദ്യുതി ക്ഷാമം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. വ്യവസായ മേഖലയിലെ ഉയർന്ന വൈദ്യുതി ഉപഭോഗവും എൽനിനോയുടെ സ്വാധീനത്തെ തുടർന്നുള്ള ചൂടും മഴക്കുറവുമാണ് ആവശ്യകത ഉയരാൻ പ്രധാന കാരണങ്ങൾ.
ജലവൈദ്യുതി ഉൽപ്പാദനം കുറഞ്ഞതോടെ കൽക്കരി അധിഷ്ഠിത വൈദ്യുതിയെ കൂടുതൽ ആശ്രയിക്കേണ്ടിവന്നു. സെപ്റ്റംബറിൽ കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപ്പാദനം 13.3 ശതമാനം ഉയർന്നെങ്കിലും ഏകദേശം 40 ശതമാനം കൽക്കരി നിലയങ്ങളിലും ശേഖരം നിർണായകമായി കുറഞ്ഞ നിലയിലായിരുന്നു. അതേസമയം, രാജ്യത്തെ കൽക്കരി അധിഷ്ഠിത നിലയങ്ങളിലെ ശേഖരം ഏപ്രിൽ തുടക്കത്തിലെ ഏകദേശം 5.49 കോടി ടണ്ണിൽ നിന്ന് സെപ്റ്റംബർ അവസാനത്തോടെ 1.86 കോടി ടണ്ണായി ഇടിഞ്ഞു.
രാത്രികാല വൈദ്യുതി ആവശ്യകത നിറവേറ്റാൻ രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ കേന്ദ്രത്തോട് അധിക വൈദ്യുതി ആവശ്യപ്പെട്ടിട്ടുണ്ട്. ജലവൈദ്യുതി ഉൽപ്പാദനത്തിലെ കുറവും ചില കൽക്കരി നിലയങ്ങളുടെ അറ്റകുറ്റപ്പണിയും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.വൈദ്യുതി ആവശ്യകത ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തെ നൂറിലധികം ക്യാപ്റ്റീവ് കൽക്കരി നിലയങ്ങൾ പരമാവധി ശേഷിയിൽ പ്രവർത്തിപ്പിക്കാനും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.



