ഐപിഎൽ 2027 സീസണിലേക്കുള്ള ഡല്‍ഹി ക്യാപിറ്റല്‍സിനെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പരിശീലിപ്പിക്കും. ഫ്രാഞ്ചൈസിയില്‍ വിവിധ ചുമതലകളില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചതിന് ശേഷമാണ് അദ്ദേഹം ആദ്യമായി മുഖ്യ പരിശീലകന്റെ റോള്‍ ഏറ്റെടുക്കുന്നത്. 2019 മുതല്‍ ഡല്‍ഹി ക്യാപിറ്റല്‍സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഗാംഗുലി പുരുഷ-വനിതാ ടീമുകളുടെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ചുമതലയിലായിരുന്നു. കഴിഞ്ഞ രണ്ട് സീസണുകളില്‍ പരിശീലകനായിരുന്ന ഹേമംഗ് ബദാനിക്ക് പകരമാണ് ഗാംഗുലി ഈ സ്ഥാനത്തേക്ക് എത്തുന്നത്.
കൂടാതെ, ബോളിങ് കോച്ച് മുനാഫ് പട്ടേല്‍, ടീം ഡയറക്ടര്‍ വേണുഗോപാല്‍ റാവു, അസിസ്റ്റന്റ് കോച്ച് ഇയാന്‍ ബെല്‍ എന്നിവരെയും ടീം ഒഴിവാക്കിയിട്ടുണ്ട്. ഐപിഎല്‍ 2026ല്‍ ഡല്‍ഹി ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഗാംഗുലി തന്റെ പുതിയ കോച്ചിംഗ് സംഘത്തെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗും ഡല്‍ഹിയുടെ പരിശീലക സംഘത്തില്‍ ഒപ്പമുണ്ടായേക്കുമെന്ന് വ്യാപകമായ അഭ്യൂഹങ്ങളുണ്ട്.



