മസ്കത്ത്: ഏറെ പ്രതീക്ഷയോടെ നിരവധി പേർ കാത്തിരിക്കുന്ന മസ്കത്തിലെ മത്ര കേബിൾ കാർ (മത്ര ടെലിഫെറിക്) പദ്ധതി ഈ ഡിസംബറിൽ പ്രവർത്തനം ആരംഭിക്കും. വിനോദസഞ്ചാരികൾക്കും താമസക്കാർക്കും പുതിയ അനുഭവം പകരുന്നതാകും പദ്ധതി. മൂന്നു കിലോമീറ്റർ ദൈർഘ്യമുള്ള കേബിൾ കാർ പദ്ധതി ഒമാന്റെ ടൂറിസം രംഗത്ത് തന്നെ വലിയൊരു മാറ്റമായിരിക്കും കൊണ്ടുവരിക. ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്ന പൈതൃക കേന്ദ്രങ്ങളിലൊന്നായ മത്രയിലേക്ക് കൂടുതൽ പേരെത്താൻ ഇടയാക്കുകയും ചെയ്യും. പൂർണമായും എയർ കണ്ടീഷൻ ചെയ്ത ക്യാബിനുകൾ ഉൾക്കൊള്ളുന്ന കേബിൾ കാർ പദ്ധതി മൂന്ന് പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് സർവീസ് നടത്തുക. – മത്ര ഫിഷ് മാർക്കറ്റ്, അൽ റിയാം പാർക്ക്, കൽബു പാർക്ക് എന്നിവിടങ്ങളെയാണ് ബന്ധിപ്പിക്കുക. പദ്ധതിയിലൂടെ സന്ദർശകർക്ക് മസ്കത്ത് തുറമുഖം, ഒമാൻ ഉൾക്കടൽ, ചരിത്രയിടങ്ങൾ തുടങ്ങിയവയുടെ പനോരമിക് കാഴ്ചകൾ ആസ്വദിക്കാനാകും. മൂന്ന് സ്റ്റേഷനുകളാണ് കാബിൾ കാറിനുള്ളത്. മത്ര ഫിഷ് മാർക്കറ്റിന് സമീപം സ്ഥിതി ചെയ്യുന്ന പോർട്ട് സ്റ്റേഷനാണ് പ്രധാന കേന്ദ്രം.
മത്ര കേബിൾ കാറിൽ കയറാം, ഈ വർഷാവസാനം
