‘ബിഗ്ഗെസ്റ്റ് ജോക്കർ’; ധ്യാൻ ശ്രീനിവാസന് എതിരെ ടിവികെ കേരള സ്റ്റേറ്റ് കമ്മിറ്റി

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ധ്യാൻ ശ്രീനിവാസന്റെ ‘സിഎം’ പരാമർശത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. വിസിറ്റർ എന്ന സിനിമയുടെ പരിപാടിക്കിടെ താൻ മുഖ്യമന്ത്രി ആകുമ്പോൾ സാരിയുടുത്ത് നവ്യ നായർ മുന്നിൽ തന്നെയുണ്ടാകണം എന്നായിരുന്നു ധ്യാൻ പറഞ്ഞിരുന്നത്. തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യവെ തൃഷ എത്തിയത് വലിയ വാർത്തയായിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയുള്ള ധ്യാനിന്റെ തമാശ പക്ഷേ തമിഴ്നാട്ടിൽ വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്.

തമിഴ്നാട്ടിലെ ഓൺലൈൻ ചനലുകൾ അടക്കം ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ പങ്കുവച്ചതോടെ വിജയ് ഫാൻസ് രം​ഗത്തെത്തി. വളരെ മോശം രീതിയിലുള്ള കമന്റുകളാണ് ധ്യാനിനെതിരെ ഇവർ കുറിച്ചിരിക്കുന്നത്. ഒപ്പം മലയാള സിനിമയെ ഇനി പ്രേത്സാഹിപ്പിക്കാൻ പാടില്ലെന്നടക്കമുള്ള മുന്നറിയിപ്പ് കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. തമിഴ്നാട് വ്ലോ​ഗേഴ്സും ധ്യാനിനെതിരെ വീഡിയോകൾ ചെയ്തിട്ടുണ്ട്. തതവസരത്തിൽ ധ്യാൻ ശ്രീനിവാസന് എതിരെ ടിവികെ കേരള സ്റ്റേറ്റ് കമ്മിറ്റിയും രം​ഗത്ത് എത്തിയിരിക്കുകയാണ്.

‘കേരളത്തിലെ ഏറ്റവും വലിയ ജോക്കർ- ധ്യാൻ’ എന്നാണ് ടിവികെ കേരള സ്റ്റേറ്റ് കമ്മിറ്റി നടന്റെ ഫോട്ടോ പങ്കിട്ട് കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. ഭൂരിഭാ​ഗവും ധ്യാനിന്റെ പിന്തുണച്ച് കൊണ്ടുള്ള കമന്റുകളാണ്. ടിവികെ കേരള നിങ്ങള്‍ക്ക് ഒരു വിലയുണ്ടായിരുന്നു. അതിപ്പോ പോയെന്നും അൺഫോളോ ചെയ്യുന്നുവെന്നും കമന്റുകളുണ്ട്. കേരളത്തിലെ പല വിജയ് ആരാധകരും കമ്മിറ്റിയ്ക്ക് എതിരെ രം​ഗത്ത് എത്തിയിട്ടുണ്ട്.

‘ഒരു വില ഉണ്ടായിരുന്നു ഈ ഗ്രൂപ്പ് വിജയ് യുടെ പേരില്‍ വന്നപ്പോള്‍; ഈ പോസ്റ്റ് കണ്ടു അത് മാറി കിട്ടി!! ഒരു തമാശ ആസ്വദിക്കാന്‍ കഴിയാത്ത പോസ്റ്റ് ഉടമ വിജയ് അറിയണ്ട ഇതൊന്നും. ധ്യാനിനെ തൊട്ട് കളിക്കണ്ട, സംഭവം ഞാനും ഒരു വിജയ് ഫാൻ ആണ് എന്നാലും പറയാം വെറുതെ ധ്യാനിനെ കേറി ചൊറിഞ്ഞു ഉള്ള വിലയും കളയണ്ട, ധ്യാൻ എപ്പോഴും കാര്യങ്ങൾ തമാശരൂപേണയാണ് പറയാറുള്ളത്. വളരെ നല്ലൊരു മനുഷ്യനും തുറന്നു സംസാരിക്കുന്ന വ്യക്തിയുമാണ് അദ്ദേഹം. ആ രീതിയിൽ മാത്രം കാണുക’, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Leave a Reply

Your email address will not be published. Required fields are marked *