തിരുവനന്തപുരം: നാഷണല്‍ ഹൈവേകളില്‍ ഇരുചക്ര വാഹനയാത്രക്കാര്‍ റോഡിന്‍റെ വലതുവശം ചേര്‍ന്നും മീഡിയനോട് ചേര്‍ന്നും വാഹനം ഓടിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി കേരള പോലീസ് . കേരളത്തിലെ വിവിധ റോഡുകളില്‍, പ്രത്യേകിച്ച് നാഷണല്‍ ഹൈവേകളില്‍ ഇരുചക്ര വാഹനയാത്രക്കാര്‍ റോഡിന്‍റെ വലതുവശം ചേര്‍ന്നും മീഡിയനോട് ചേര്‍ന്നും വാഹനം ഓടിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി പോലീസിന്‍റെ ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്‍റിന്‍റെ നിരീക്ഷണത്തില്‍ നിന്നും മനസ്സിലായിട്ടുണ്ട്.
മീഡിയനോട് ചേര്‍ന്ന് വാഹനം ഓടിക്കുന്നത് സുരക്ഷിതമാണെന്ന തെറ്റിദ്ധാരണമൂലമാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഇത്തരത്തില്‍ വാഹനം ഓടിക്കുന്നത്. പലപ്പോഴും ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ക്കും അതുവഴിയുള്ള അപകടങ്ങള്‍ക്കും കാരണം. നാഷണല്‍ ഹൈവേ ഉള്‍പ്പെടെയുള്ള വിവിധ റോഡുകളില്‍ പാലിക്കേണ്ട ലെയ്ന്‍ ട്രാഫിക് സംവിധാനം കാര്യക്ഷമമായി പാലിക്കപ്പെടാത്തത് റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള പ്രധാനകാരണം.
റോഡിലെ ഗതാഗതം സുഗമമാക്കുന്നതിനായി വാഹനങ്ങള്‍ ഓരോ വരിയായി(Lane)ക്രമീകരിക്കുന്ന രീതിയാണ് ലെയ്ന്‍ ട്രാഫിക് സംവിധാനം. ലെയ്ന്‍ അച്ചടക്കം പാലിക്കുന്നത് ഗതാഗതക്കുരുക്ക് കുറയ്ക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും സഹായിക്കുന്നു. റോഡ് ഗതാഗതം സൂഗമമാക്കുന്നതിനായി കേരള പോലീസിന്‍റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
സാവധാനം പോകുന്ന വാഹനങ്ങളും ഭാരമേറിയ വാഹനങ്ങളും എപ്പോഴും റോഡിന്‍റെ ഏറ്റവും ഇടതുവശത്തുള്ള ലെയ്ന്‍ ഉപയോഗിക്കണം. സാധാരണ വേഗതയില്‍ പോകുന്ന വാഹനങ്ങള്‍ക്കായി മധ്യഭാഗത്തെ ലെയ്നുകള്‍ ഉപയോഗിക്കാം. മറ്റു വാഹനങ്ങളെ മറികടക്കാന്‍ (Overtake) മാത്രമാണ് സാധാരണയായി ഏറ്റവും വലതുവശത്തെ ലെയ്ന്‍ ഉപയോഗിക്കുന്നത്. മറികടന്ന ശേഷം വീണ്ടും പഴയ ലെയ്നിലേക്ക് മാറേണ്ടതാണ്. ലെയ്ന്‍ മാറുന്നതിന് മുന്‍പായി കൃത്യമായി ഇന്‍ഡിക്കേറ്റര്‍ (Indicator) ഉപയോഗിക്കുക. റിയര്‍ വ്യൂ മിററും സൈഡ് മിററുകളും ഉപയോഗിച്ച് പിന്നില്‍ നിന്നും വശങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ശ്രദ്ധിക്കുക. മറ്റു വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ കൃത്യമായ അകലം പാലിച്ചുകൊണ്ട് മാത്രം ലെയ്ന്‍ മാറുക.



