ഡൽഹി: ഡൽഹിയിൽ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ എട്ട് മണിക്കൂറിന് ശേഷം പൊലീസ് വിട്ടയച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് പിണറായിയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ പത്തരയോടെ കസ്റ്റഡിയിലെടുത്ത പിണറായിയെ വൈകിട്ടാണ് മോചിപ്പിച്ചത്. മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ നിന്നാണ് അദ്ദേഹത്തെ വിട്ടയച്ചത്.
കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മൂന്നര മണിക്കൂറോളം പൊലീസ് വാഹനത്തിൽ വിവിധ സ്ഥലങ്ങളിലൂടെ കൊണ്ടുപോയ ശേഷമാണ് സ്റ്റേഷനിൽ എത്തിച്ചതെന്നാണ് പിണറായിയുടെ ആരോപണം. പൊലീസ് കസ്റ്റഡിയിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഡൽഹി പൊലീസിന്റെ നടപടിക്കെതിരെ പിണറായി വിജയൻ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. മൂന്നര മണിക്കൂറോളം തന്നെ വാഹനത്തിൽ കറക്കിയതിന്റെ കാരണം എന്താണെന്ന് അദ്ദേഹം ചോദിച്ചു. പൊലീസ് സ്വീകരിച്ചത് വിചിത്രമായ നടപടികളാണെന്നും പ്രതിഷേധത്തെ അടിച്ചമർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ഇത്തരം നടപടികളിലൂടെ പ്രതിഷേധത്തിന്റെ ശക്തി കുറയ്ക്കാമെന്നാണ് പൊലീസ് കരുതുന്നതെങ്കിൽ അത് തെറ്റായ ധാരണയാണെന്നും പിണറായി വ്യക്തമാക്കി. പൊലീസ് നടപടികൾ കൊണ്ട് സമരത്തെ തളർത്താനാകില്ല. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധം കൂടുതൽ ശക്തമായി തുടരുമെന്നും പിണറായി വിജയൻ മുന്നറിയിപ്പ് നൽകി.



