ന്യൂഡല്‍ഹി: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലോട് കൂടിയ കനത്ത മഴയാണ് നിലവില്‍ രാജ്യ തലസ്ഥാനത്ത് പെയ്തുകൊണ്ടിരിക്കുന്നത്. പലയിടങ്ങളിലും ഇതിനോടകം വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. റോഡ് ഗതാഗതവും വലിയ പ്രതിസന്ധി നേരിടുകയാണ്.
ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 15 വിമാനങ്ങള്‍ റദ്ദാക്കുകയും 90-ലധികം വിമാനങ്ങള്‍ വൈകുകയും ചെയ്തതായി വിമാന നിരീക്ഷണ പ്ലാറ്റ്ഫോമായ ‘ഫ്‌ലൈറ്റ് റഡാര്‍ 24’ വിവരം നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ വരുന്ന മണിക്കൂറുകളിലും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
തിങ്കളാഴ്ച പെയ്ത കനത്ത മഴ ഡല്‍ഹി-എന്‍സിആര്‍ മേഖലയുടെ പല ഭാഗങ്ങളെയും സ്തംഭിപ്പിച്ചിരുന്നു. പ്രധാന റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെത്തുടര്‍ന്ന് യാത്രക്കാര്‍ക്ക് നീണ്ട ഗതാഗതക്കുരുക്ക് നേരിടേണ്ടിവന്നു. റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കെട്ടിക്കിടന്നതോടെ ഡല്‍ഹിയിലെ വിവിധയിടങ്ങളിലും ഗുരുഗ്രാം, നോയിഡ എന്നിവിടങ്ങളുടെ ചില ഭാഗങ്ങളിലും ജനജീവിതം ദുസ്സഹമായി. ശക്തമായ മഴയെത്തുടര്‍ന്ന് 26 വിമാനങ്ങള്‍ റദ്ദാക്കുകയും 15 എണ്ണം മറ്റ് നഗരങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും 390-ലേറെ വിമാനങ്ങള്‍ വൈകുകയും ചെയ്തിരുന്നു.
ശക്തമായ മഴയെത്തുടര്‍ന്ന് ഡല്‍ഹിയിലെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളില്‍ രേഖപ്പെടുത്തിയ മഴയുടെ അളവ് സാധാരണ നിലയേക്കാള്‍ അധികമായിരുന്നു. ഇത് നഗരത്തിലെ മൊത്തം മഴയുടെ അളവ് വര്‍ദ്ധിപ്പിക്കാന്‍ കാരണമായി. ഓഗസ്റ്റ് 24 വരെയുള്ള കണക്കുകള്‍ പ്രകാരം, സാധാരണയായി ലഭിക്കേണ്ട 191.1 മിമീ മഴയ്ക്ക് പകരം സഫ്ദര്‍ജംഗില്‍ 246.2 മിമീ മഴ ലഭിച്ചു (29 ശതമാനം അധികം). പാലം മേഖലയില്‍ 227.2 മിമീ മഴ ലഭിച്ചു (സാധാരണയേക്കാള്‍ 28 ശതമാനം അധികം), ലോധി റോഡില്‍ 233.2 മിമീ മഴ രേഖപ്പെടുത്തി (22 ശതമാനം അധികം). റിഡ്ജ് മേഖലയില്‍ 243 മിമീ മഴയാണ് ലഭിച്ചത് (സാധാരണയേക്കാള്‍ 50 ശതമാനം അധികം), അയനഗറില്‍ 266.3 മിമീ മഴയും ലഭിച്ചു (സാധാരണ അളവിനേക്കാള്‍ 66 ശതമാനം അധികം).



