കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേർ മരിച്ച വാഹനാപകടത്തിൽ ഉത്തരവാദികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തൃക്കാക്കര എംഎൽഎ ഉമാ തോമസ്. അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുമെന്നും നീതി ലഭ്യമാക്കാൻ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും എംഎൽഎ വ്യക്തമാക്കി.
അമിതവേഗതയിലുള്ള വാഹനയാത്ര മൂന്ന് വിലപ്പെട്ട ജീവനുകളാണ് കവർന്നെടുത്തതെന്ന് ഉമാ തോമസ് ഫേസ്ബുക്കിൽ കുറിച്ചു. മൂന്ന് കുടുംബങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ദുരന്തത്തിൽ തകർന്നത്. പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വേർപാട് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സഹപാഠികൾക്കും സമ്മാനിച്ച വേദന വാക്കുകൾക്കതീതമാണെന്നും അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിച്ച് നീതി ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
പുലർച്ചെ 2.30ഓടെയാണ് സുഹൈൽ സജീവ് എന്ന 19-കാരൻ ഓടിച്ച മിനി കൂപ്പർ കാർ സ്കൂട്ടറിൽ ഇടിച്ച് അപകടമുണ്ടായത്. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടകയിലെ സുള്ള്യ സ്വദേശി ഇയാസ് എന്നിവർ തൽക്ഷണം മരിച്ചു. മരിച്ച ദേവികയും ഗോപികയും തൃക്കാക്കര മണ്ഡലത്തിലെ കെഎംഎം കോളേജ് വിദ്യാർഥിനികളായിരുന്നു.
സംഭവത്തിൽ സുഹൈൽ സജീവ് പൊലീസ് കസ്റ്റഡിയിലാണ്. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രയ്ക്കിടെ ഇയാൾ മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചിരുന്നതായും ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. വിമാനത്താവളത്തിൽനിന്ന് സുഹൃത്തിനെ കൂട്ടിക്കൊണ്ടുപോകാനാണ് ഇയാൾ എത്തിയതെന്നാണ് വിവരം. വിമാനം പുലർച്ചെ 2.40ന് എത്തേണ്ടിയിരുന്നതിനാൽ അതിനുമുമ്പ് വീണ്ടും ബാറുകളിൽ കയറി മദ്യപിച്ചെന്നാണ് റിപ്പോർട്ട്. മദ്യലഹരിയിലാണ് അപകടമുണ്ടാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
അതേസമയം, 19-കാരന് നിയമവിരുദ്ധമായി മദ്യം നൽകിയ ബാറുകൾ കണ്ടെത്തി കേസെടുക്കാൻ എക്സൈസ് മന്ത്രി എം. ലിജു നേരത്തെ നിർദേശം നൽകിയിരുന്നു. കേരളത്തിലെ നിയമപ്രകാരം മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 23 വയസ്സാണ്. സംഭവത്തിൽ പൊലീസ് അന്വേഷണവും എക്സൈസ് വകുപ്പിന്റെ നടപടികളും തുടരുകയാണ്.



