ബിസിസിഐയെ വിമര്ശിച്ച് സഞ്ജു സാംസണ്. വെസ്റ്റ് ഇന്ഡീസിനെതിരായ 5 മത്സരങ്ങളുടെ ടി20 പരമ്പരയിലുടനീളം ടീമിന് ഒരു പരിശീലന സെഷന് മാത്രമാണ് ഉണ്ടായിരുന്നത്. അതിനാല് തന്നെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന് തനിക്കടക്കം എല്ലാവര്ക്കും എത്രത്തോളം ബുദ്ധിമുട്ടായിരുന്നുവെന്നും ഇന്ത്യന് വെറ്ററന് ബാറ്റര് സഞ്ജു സാംസണ് വ്യക്തമാക്കി. വെസ്റ്റ് ഇന്ഡീസിനെതിരായ ടി20 പരമ്പരയില് സഞ്ജു സാംസണിന് സമ്മിശ്ര പ്രകടനമായിരുന്നു. അഞ്ച് മത്സരങ്ങളില് നിന്നായി 11, 82, 3, 56, 16 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ റണ്സ്.
പരമ്പരയിലെ അവസാന മത്സരം മഴ കാരണം ഉപേക്ഷിക്കപ്പെടുകയും പരമ്പര സമനിലയിലാവുകയും ചെയ്തതിന് പിന്നാലെയാണ്, പരമ്പരയിലുടനീളം കളിക്കളത്തിലെ സാഹചര്യങ്ങളുമായി വേഗത്തില് പൊരുത്തപ്പെടാന് താനും ടീമിലെ മറ്റുള്ളവരും എത്രത്തോളം ബുദ്ധിമുട്ടിയെന്ന് സഞ്ജു ചൂണ്ടിക്കാണിച്ചത്. 5 മത്സരങ്ങള് നിശ്ചയിച്ചിരുന്നെങ്കിലും ടീമിന് ലഭിച്ചത് ഒരേയൊരു ദിവസത്തെ പരിശീലനം മാത്രമാണ്. ഓരോ മത്സരത്തിനും പുതിയ നഗരങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരികയും, മുന്കൂട്ടി പരിശീലനം ലഭിക്കാതെ തന്നെ നേരിട്ട് മൈതാനത്ത് ഇറങ്ങേണ്ടി വരികയും ചെയ്തപ്പോള് സഞ്ജുവും സഹതാരങ്ങളും തങ്ങളുടെ മുന്പരിചയവും അനുഭവസമ്പത്തുമാണ് പ്രയോജനപ്പെടുത്തിയത്.
‘തുറന്നു പറഞ്ഞാല്, ഇന്നത്തെ കാലത്ത് മത്സരങ്ങളുടെ ഷെഡ്യൂള് ക്രമീകരിച്ചിരിക്കുന്ന രീതി കാരണം പരിശീലനത്തിനോ തയ്യാറെടുപ്പുകള്ക്കോ വലിയ സമയം ലഭിക്കാറില്ല’ -തിരക്കേറിയ മത്സരക്രമത്തെക്കുറിച്ച് ബിസിസിഐക്കുള്ള തന്റെ തുറന്ന സന്ദേശമായി, പരമ്പരയിലെ അവസാന മത്സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ട ബെംഗളൂരുവില് വെച്ച് ബ്രോഡ്കാസ്റ്ററോട് സംസാരിക്കവേ സഞ്ജു സാംസണ് പറഞ്ഞു. ‘അവിടെയാണ് നിങ്ങളുടെ അനുഭവസമ്പത്ത് തുണയ്ക്കുന്നത്. നല്ലൊരു മാനസികാവസ്ഥയില് നിലനില്ക്കാനും ലഭിക്കുന്ന സമയം പരമാവധി പ്രയോജനപ്പെടുത്താനുമാണ് നിങ്ങള് ശ്രമിക്കുക. ബാറ്റിംഗ് പരിശീലനത്തിനായി ഞങ്ങള്ക്ക് ഒരേയൊരു ദിവസമാണ് ലഭിക്കുന്നത്’ -സഞ്ജു പറഞ്ഞു. 5 ദിവസത്തിന് ശേഷം ആരംഭിക്കുന്ന അടുത്ത 5 മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കായി ന്യൂസിലാന്ഡിലേക്ക് പോകുന്ന ഇന്ത്യന് ടീമിനൊപ്പം സഞ്ജു സാംസണ് ഉണ്ടാകില്ല. അദ്ദേഹം പിന്നീട് പോയേക്കുമെന്നാണ് വിവരം.



