പാരീസ്: ഫ്രാൻസിൽ സ്കൂളുകളിലെ മോശം സാഹചര്യങ്ങൾക്കെതിരെ തുടങ്ങിയ യുവജന പ്രതിഷേധം കലാപമായി മാറുന്നു. സർക്കാർ കെട്ടിടങ്ങളും ചരിത്രസ്മാരകങ്ങളും അടക്കം നിരവധി കെട്ടിടങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടു. ജീവിത ചെലവ് വർധിക്കുന്നുവെന്ന പ്രശ്നം ഉയർത്തി തൊഴിലാളി സംഘടനകളും അണിനിരന്നതോടെ ആണ് പ്രതിഷേധം കലാപമായി മാറിയത്. പ്രതിഷേധം രണ്ടാഴ്ച്ച പിന്നിടുമ്പോൾ സ്ഥിതി സർക്കാരിനോ പൊലീസിനോ നിയന്ത്രിക്കാനാകുന്നില്ല.
പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറിയതോടെ കടുത്ത നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോൺ രംഗത്തെത്തിയിട്ടുണ്ട്. ശനിയാഴ്ച രാജ്യവ്യാപകമായി റാലികളിൽ 5.5 ലക്ഷത്തോളം ആളുകളാണ് പങ്കെടുത്തതെന്നാണ് റിപ്പോർട്ട്. പലയിടങ്ങളിലും റാലികൾ സമാധാനപരമായിരുന്നെങ്കിലും തലസ്ഥാനമായ പാരീസിൽ വലിയ രീതിയിലുള്ള അക്രമങ്ങളാണ് അരങ്ങേറിയത്. പാരീസ് ഉൾപ്പെടെ വിവിധ നഗരങ്ങളിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ തെരുവിൽ ഏറ്റുമുട്ടി.
ഇതുവരെ 1,200ലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് ഔദ്യോഗിക വിവരം. അക്രമികൾ പൊതുമന്ദിരങ്ങൾക്ക് തീയിടുകയും സൂപ്പർമാർക്കറ്റുകൾ തല്ലിത്തകർത്ത് കൊള്ളയടിക്കുകയും ചെയ്തു. പ്രതിഷേധത്തിനിടെയുണ്ടായ അക്രമങ്ങളിൽ 60 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റുവെന്ന് ആഭ്യന്തര മന്ത്രി ലോറന്റ് നുനെസ് അറിയിച്ചു.



